രാഷ്ട്രീയക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച കാർഷിക നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് കർഷക സംഘടനകൾ

ന്യൂഡെല്‍ഹി: രാഷ്ട്രീയക്കാർ പാതിവഴിയിൽ ഉപേക്ഷിച്ച വിവാദമായ കാർഷിക നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി കർഷകർ. നവംബര്‍ അഞ്ചിന്​ 500-ഓളം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ രാജ്യവ്യാപക റോഡ്​ തടയല്‍ പ്രക്ഷോഭം നടത്തും. സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നവംബര്‍ 26നും 27നും ഡല്‍ഹിയിലേക്ക്​ മാര്‍ച്ച്‌​ നടത്താന്‍ തീരുമാനിച്ചതിന്​ മുന്നോടിയായാണ്​ പ്രക്ഷോഭം.

കാര്‍ഷിക നിയമങ്ങള്‍ക്ക്​ പുറമെ വൈദ്യുതി നിയമ ഭേദഗതി ബില്ലിനെതിരെയും പ്രതിഷേധം ഉയരും. ഭാരതീയ കിസാന്‍ യൂണിയന്‍, ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ്​ കോര്‍ഡിനേഷന്‍ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ്​ മാര്‍ച്ച്‌​.

ദില്ലി ചലോ മാര്‍ച്ചില്‍ പഞ്ചാബില്‍ നിന്ന്​ മാത്രം 40,000-ത്തില്‍ അധികം കര്‍ഷകര്‍ പ​ങ്കെടുക്കുമെന്ന്​ കരുതുന്നതായി നേതാക്കന്‍മാര്‍ പറഞ്ഞു. പഞ്ചാബില്‍ ചരക്ക്​ ട്രെയിനുകള്‍ ഉള്‍പ്പെടെ കേന്ദ്ര റെയില്‍വേ മന്ത്രാലയം നിര്‍ത്തലാക്കിയത്​ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനാണെന്ന്​ കര്‍ഷക സംഘടനകള്‍ ആ​രോപിച്ചു.

റെയില്‍പാളത്തിലുള്ള കര്‍ഷകരുടെ പ്രതിഷേധം മുഴുവനായി അവസാനിപ്പിച്ചാല്‍ മാത്രമേ ചരക്ക് ട്രെയിനുകള്‍ ഉള്‍പ്പെടെ പഞ്ചാബില്‍ സര്‍വിസ്​ നടത്തുവെന്ന്​ കേന്ദ്ര റെയില്‍വേ മ​ന്ത്രാലയം അറിയിച്ചിരുന്നു.

‘ഒക്​ടോബര്‍ 22-ഓടെ പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരം അവസാനിപ്പിച്ചിരുന്നു. അമൃത്​സറിന്​ സമീപം മാ​ത്രമാണ്​ ഇപ്പോള്‍ ചില പ്രതിഷേധക്കാര്‍ പാസഞ്ചര്‍ ട്രെയിനുകളും പവര്‍ പ്ലാന്‍റുകളിലേക്കുള്ള ട്രെയിനുകളും തടയുന്നത്. ചരക്ക്​ ട്രയിനുകള്‍ എത്താതായ​തോടെ സംസ്​ഥാനത്ത്​ അവശ്യ സാധനങ്ങള്‍ക്ക്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. വളവും മറ്റു ലഭിക്കാതെയായി. അതിനാലാണ്​ റെയില്‍റോക്കോ സമരം അവസാനിപ്പിച്ചത്​.

എന്നാല്‍ പ്രതിഷേധക്കാര്‍ക്ക്​ ചീത്തപ്പേര്​ നല്‍കാനാണ്​ ബിജെപിയുടെ ശ്രമം. ഇതിലൂടെ പഞ്ചാബിലെ ജനങ്ങളെയും കര്‍ഷകരെയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.’- ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവും പഞ്ചാബില്‍ പ്രതിഷേധങ്ങള്‍ക്ക്​ നേതൃത്വം വഹിക്കുന്ന വ്യക്തിയുമായ ദര്‍ശന്‍ പാല്‍ പറഞ്ഞു.

പ്രതിഷേധ പരിപാടികള്‍ക്ക്​ നേതൃത്വം വഹിക്കുന്നതിനായി വി.എം. സിങ്​, ബല്‍ബീര്‍ സിങ്​ രാജേവാള്‍, ഗുര്‍നാം സിങ്​, രാജു ഷെട്ടി, യോഗേന്ദ്ര യാദവ്​ തുടങ്ങിയ നേതാക്കളെ ഉള്‍പ്പെടുത്തി കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു.