ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലം കണ്ടെത്തി;നിര്‍ണായക കണ്ടുപിടുത്തവുമായി നാസ

വാഷിംഗ്ടണ്‍: ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി നാസ. നാസയുടെ നിര്‍ണായക കണ്ടുപിടുത്തം സ്ട്രാറ്റോസ്‌ഫെറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ്(സോഫിയ) എന്നാണ് അറിയപ്പെടുക.

ചന്ദ്രന്റെ തെക്കന്‍ അര്‍ധ ഗോളത്തിലെ, ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തങ്ങളില്‍ ഒന്നായ ക്ലാവിയസിലാണ് ജലതന്മാത്രകളെ കണ്ടെത്തിയിരിക്കുന്നത്. ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ഇത് ആദ്യമായാണ് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്.

ചന്ദ്രോപരിതലത്തില്‍ മിക്കയിടത്തും ജലം ഉണ്ടാവാനുള്ള സാധ്യതയാണ് ഇതില്‍ നിന്ന് വ്യക്തമാവുന്നതെന്ന് നാസ അറിയിച്ചു. വായുരഹിതവും, കഠിനവുമായ ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം എങ്ങനെ ഉണ്ടാവുന്നു എന്നത് പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് നാസയിലെ സയന്‍സ് മിഷന്‍ ഡയറക്ടര്‍ പോള്‍ ഹെര്‍ട്‌സ് പറഞ്ഞു.

ചന്ദ്രോപരിതലത്തില്‍ ജലത്തിന്റെ സാന്നിധ്യം എത്രമാത്രം ഉണ്ടാവാം എന്നതിനെ കുറിച്ചും നാസ സൂചന നല്‍കുന്നു. സോഫിയ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയ ജലത്തില്‍ നിന്നും 100 മടങ്ങ് അധികം സഹാറ മരുഭൂമിയില്‍ കണ്ടെത്താനാവുമെന്നാണ് നാസ പറയുന്നത്. സോഫിയ കണ്ടെത്തിയ ഭാഗത്ത് 12 ഔണ്‍സ് കുപ്പി വെള്ളത്തിന് അത്രയുമാണുള്ളത്. ചന്ദ്രോപരിതലത്തില്‍ 40,000 സ്‌ക്വയര്‍ കിലോമീറ്ററിലായി ഐസിന്റെ രൂപത്തില്‍ വെള്ളമുണ്ടാവാം എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.