ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിലെയ്ക്ക് ഒരു നാഴികക്കല്ലുകൂടി. ഇരു രാജ്യങ്ങളും തമ്മിൽ പ്രതിരോധ മേഖലയിലെ ഉഭയക്ഷി ധാരണകൾ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ (ബേസിക് എക്സ്ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്- BECA)ഒപ്പുവെച്ചു.
ഉയർന്ന സൈനിക സാങ്കേതിക വിദ്യകളും വ്യോമ-ഭൗമ മാപ്പുകളും പങ്കുവെക്കുന്നതടക്കമുള്ള കാര്യങ്ങളിലുള്ള തീരുമാനമാണ് ബിഇസിഎ പരിധിയിൽ വരിക.
ഇന്ത്യ-അമേരിക്ക 2+2 ചർച്ചകൾക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ എന്നിവരാണ് ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്
ബിഇസിഎ കരാർ ഒപ്പുവെക്കലിനെ നിർണായക നീക്കമെന്നാണ് രാജ്നാഥ് സിങ് വിശേഷിപ്പിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം മികച്ച രീതിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ ഉപകരണങ്ങൾ സംയുക്തമായി വികസിപ്പിക്കാനുള്ള പദ്ധതികൾ തിരിച്ചറിഞ്ഞതായും ഇന്ത്യ-പസഫിക് മേഖലയിൽ സമാധാനത്തിനും സുരക്ഷയ്ക്കും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് വീണ്ടും ഉറപ്പുവരുത്തിയാതായും അദ്ദേഹം പറഞ്ഞു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഉയർത്തുന്ന ഭീഷണി മാത്രമല്ല, മറ്റെല്ലാ ഭീഷണികളെയും നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. കഴിഞ്ഞ വർഷം ഇന്ത്യയും അമേരിക്കയും സൈബർ വിഷയങ്ങളിലെ സഹകരണം വിപുലീകരിച്ചെന്നും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇരു നാവികസേനകളും സംയുക്തമായി അഭ്യാസം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.