തിരുവനന്തപുരം: മേയർസ്ഥാനം വനിതാ സംവരണമായ തിരുവനന്തപുരം നഗരസഭയിൽ മുൻ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും കായിക താരവുമായ പത്മിനി തോമസ് രംഗത്തിറക്കി ഭരണം പിടിക്കാൻ കോൺഗ്രസ് നീക്കം. കോൺഗ്രസ് പശ്ചാതലമുള്ള പത്മിനി തോമസ് ഇക്കാര്യത്തിൽ സമ്മതം പ്രകടിപ്പിച്ചതായാണ് സൂചന.
തിരുവനന്തപുരത്ത് പൊതുവേദികളിൽ പത്മിനി തോമസ് സജീവമാണ്. ശത്രുക്കളും കുറവാണ്. കാര്യശേഷിയുള്ള വനിതയെന്ന പത്മിനിയുടെ ഖ്യാതി ഉദ്യോഗസ്ഥർ വിധി നിർണയിക്കുന്ന തലസ്ഥാന നഗരിയിൽ കോൺഗ്രസിന് നേട്ടമായി മാറുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യത്തിൽ പത്മിനിയുമായി കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഭര്‍ത്താവും മുന്‍ ദേശീയ കായികതാരവുമായിരുന്ന ജോണ്‍ സെല്‍വന്റെ സഹോദരന്‍ ജോണ്‍സണ്‍ ജോസഫ് തിരുവനന്തപുരം നഗരസഭയില്‍ കോണ്‍ഗ്രസിന്റെ സീനിയർ കൗണ്‍സിലര്‍മാരില്‍ ഒരാളാണ്. ഈ പശ്ചാതലവും പത്മിനിക്ക് അനുകൂലമാണ്.
മേയ് 31ന് റെയില്‍വേയില്‍ നിന്ന് വിരമിച്ച പത്മിനി തോമസ് വര്‍ഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. അര്‍ജുന അവാര്‍ഡ് ജേതാവായ പത്മിനിക്ക് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ ലഭിച്ചിട്ടുണ്ട്. ജിവിരാജ അവാര്‍ഡും പത്മിനി തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.
യുഡിഎഫ് ഭരണകാലത്ത് കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായ പത്മിനി തോമസ് റെയില്‍വേയിലെ ചീഫ് സൂപ്പര്‍വൈസര്‍ (കംപ്യൂട്ടര്‍ റിസര്‍വേഷന്‍) പദവിയില്‍ നിന്നും 41 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ 2015ല്‍ കേരളത്തില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചതിന് ചുക്കാന്‍ പിടിച്ചതും പത്മിനി തോമസായിരുന്നു. കോളേജ് ഗെയിംസ് പുനരാരംഭിക്കുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു. പ്രചാരണം കൊടുത്താൽ ഇതെല്ലാം ഏറെ സഹായകമാകുമെന്ന് കോൺഗ്രസ് നേതാക്കൾ വിശ്വസിക്കുന്നു.
സംസ്ഥാനത്ത് കോൺഗ്രസിനും സിപിഎമ്മിനും ബിജെപിക്കും ഒരുപോലെ സ്വാധീനമുള്ള നഗരം തിരുവനന്തപുരം പോലെ വേറെയില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതുകൊണ്ടു തന്നെ ശക്തമായ ത്രികോണ മത്സരത്തിന് തിരുവനന്തപുരം വേദിയാകുമെന്നതിൽ സംശയമില്ല. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നഗരസഭയില്‍ നേരിട്ടത്. സിപിഎം നേതൃത്വത്തിൽ ഇടതു മുന്നണി ചുവടുറപ്പിച്ചപ്പോൾ കോൺഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു. ബിജെപിയാണ് രണ്ടാമതെത്തിയത്. 100 അംഗങ്ങളുളള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ അംഗബലം 21 സീറ്റിലൊതുങ്ങിയിരുന്നു.
വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ പരാജയം കോൺഗ്രസ് പാഠമാക്കിയിട്ടുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ നഗരഭരണം നഷ്ടമാകുമെന്ന് പാർട്ടിക്ക് അറിയാം. അതുകൊണ്ടുതന്നെ കരുതലോടെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ കോർപ്പറേഷൻ പിടിക്കുക കോണ്‍ഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്.ഇതിനെയും ബിജെപിയേയും നേരിടാന്‍ പൊതുസമ്മതരെ ഇറക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
നവംബര്‍ ആദ്യവാരം തന്നെ കെപിസിസി ഉപസമിതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അന്തിമ തീരുമാനമെടുക്കും. അടൂര്‍ പ്രകാശ് എം.പിക്കും പിസി വിഷ്‌ണുനാഥിനുമാണ് തിരുവനന്തപുരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല. നഗരസഭയില്‍ ഘടകകക്ഷികള്‍ ദുർബലമായ സീറ്റുകളില്‍ പലതും കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് വിവരം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പാർട്ടിക്കുള്ളിൽ ഗ്രൂപ്പിസം കുറവായത് നേട്ടമാകുമെന്ന് നേതാക്കൾ പറയുന്നു.