പാട്ന: ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പുകഴ്ത്തി ബിജെപി എംപി തേജസ്വി സൂര്യ.
‘ഉർജസ്വലനായ യുവനേതാവാണ് ചിരാഗ്. പാർലമെന്റിൽ ബിഹാറിലെ പ്രശ്നങ്ങൾ കണക്കുൾപ്പെടെയാണ് അദ്ദേഹം അവതരിപ്പിച്ചത്. പ്രമുഖനായ ഒരു യുവനേതാവും എന്റെ സ്പെഷ്യൽ സുഹൃത്തുമായ ചിരാഗിന് എല്ലാ ആശംസകളും നേരുന്നു’- ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിൽ നിന്നുള്ള എംപിയായ തേജസ്വി സൂര്യ അഭിപ്രായപ്പെട്ടു.
എൻഡിഎയുമായി തെറ്റിപ്പിരിഞ്ഞ് പുറത്തുപോയ പോയ ചിരാഗിനെ എൻഡിഎ സഖ്യകക്ഷിയായ ബിജെപി പ്രശംസിക്കുന്നത് നിതീഷ് കുമാർ ക്യാമ്പിനും തലവേദന സൃഷ്ടിക്കുകയാണ്. ദേശീയതലത്തിൽ എൻഡിഎയുടെ ഭാഗമായി തുടരുന്ന ചിരാഗിന്റെ എൽജെപി തിരഞ്ഞെടുപ്പിൽ നിതീഷിന്റെ ജെഡിയു സ്ഥാനാർഥികൾക്കെതിരെ മാത്രമാണ് സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ബിജെപിക്കെതിരെ ഒരിടത്തും എൽജെപി മത്സരിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തേജസ്വിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.
അതേസമയം തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയും എൽ.ജെ.പിയും തമ്മിൽ മുന്നണിയുണ്ടാക്കി സർക്കാർ രൂപീകരിക്കുമോ എന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. അത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കാര്യമല്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ബിഹാറിൽ എൻഡിഎ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുമെന്നും നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാവുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരം അവസാനിച്ചു. 28നാണ് വോട്ടെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിതീഷ് കുമാറിനെതിരെ ശക്തമായ വിമർശനങ്ങളാണ് ചിരാഗ് ഉയർത്തിയത്. തൊഴിലവവസരങ്ങൾ വാഗ്ദാനം ചെയ്ത് ചിരാഗ് നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വാധീനമേറിയതും തിരഞ്ഞെടുപ്പ് റാലിക്ക് ജനപിന്തുണ കൂടിയതും നിതീഷ് കുമാറിന് തലവേദന സൃഷ്ടിച്ചിരുന്നു.
ചിരാഗ് ഉയർത്തിയ അഴിമതി ആരോപണങ്ങളാണ് ഇപ്പോൾ നിതീഷ് കുമാർ നേരിടുന്ന പ്രധാനവെല്ലുവിളി. മുഖ്യപ്രതിപക്ഷമായ ആർജെഡിയും നിതീഷിനെതിരെ നിശ്ശിതമായ വിമർശനങ്ങളാണ് ഉയർത്തിയത്.