സർക്കാരിന് തിരിച്ചടി; നിയമസഭാ കയ്യാങ്കളിക്കേസിൽ സ്റ്റേ ഇല്ല; മന്ത്രിമാർ കോടതിയിൽ ഹാജരാകാൻ നിർദേശം

കൊച്ചി : നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി. സ്റ്റേ ആവശ്യം തള്ളിയതോടെ മന്ത്രിമാരായ കെ.ടി ജലീലും ഇപി ജയരാജനും നാളെ വിചാരണ കോടതിയിൽ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചു എന്ന പേരിലാണ് ജയരാജനും ജലീലിനുമെതിരെ കേസുള്ളത്.

2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിൽ അന്നത്തെ എംഎൽഎമാരായിരുന്ന ഇ.പി ജയരാജൻ കെ.ടി ജലീൽ എന്നിവർക്കെതിരേ പൊതു മുതൽ നശിപ്പിച്ചതിന് കേസെടുത്തിരുന്നു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇവർക്കെതിരായ കേസ് ഒഴിവാക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിനായി തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയും നൽകിയിരുന്നു. എന്നാൽ വിചാരണ കോടതി കേസ് റദ്ദാക്കാനാകില്ലെന്നും വിചാരണ നടപടികൾ തുടരണമെന്നുമുള്ള നിർദേശമാണ് മുന്നോട്ടു വെച്ചത്. ബുധനാഴ്ച എംഎൽഎമാരും മന്ത്രിമാരും കോടതിയിൽ ഹാജരാകണമെന്ന നിർദേശവും വെച്ചു. ഈ പശ്ചാത്തലത്തിലാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ച് മന്ത്രിമാരോട് നാളെ ഹാജരാകാനുള്ള വിചാരണ കോടതിയുടെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടത്.

ഒപ്പം തന്നെ കേസ് റദ്ദാക്കാനാകില്ലെന്ന തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ സർക്കാർ അപ്പീലും നൽകി.

സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അത് തടയാൻ കോടതിക്ക് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ അടുത്ത ചൊവ്വാഴ്ച ഹൈക്കോടതി വിശദമായ വാദം കേൾക്കും.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.

മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മന്ത്രിമാർ അടക്കം ആറ് പേരാണ് പ്രതികൾ. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്.