പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായ മൊഴിക്ക് കൈക്കൂലി വാങ്ങാൻ ശ്രമം; ഗ്രേഡ് എസ്ഐ പിടിയിൽ

കൊല്ലം: പ്രതിക്ക് അനുകൂലമായി മൊഴി നൽകാനെന്ന പേരിൽ 25,000 രൂപ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച സ്ത്രീധന പീഡനക്കേസിൽ പ്രതിക്ക് അനുകൂലമായി കോടതിയിൽ മൊഴി നൽകാനെന്ന പേരിലാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. 25,000 രൂപ കൈക്കൂലി വാങ്ങവേ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അഞ്ച് വർഷം മുൻപ് അബ്ദുൽ സലീം ചവറ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ വർക്കല സ്വദേശി ഫൈസൽ പ്രതിയായ സ്ത്രീധന പീഡനക്കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം കൊല്ലം കോടതിയിൽ സമർപ്പിച്ചിരുന്നു.

വിചാരണയിലിരിക്കുന്ന കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച സലീമിനു കോടതിയിൽ നിന്നു സമൻസ് വന്നു. തുടർന്നു സലീം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ട് അനുകൂല മൊഴി നൽകാൻ 25,000 രൂപ ആവശ്യപ്പെട്ടതായാണു പരാതി. ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈഎസ്പി കെ അശോക് കുമാറിനെ അറിയിച്ചു.

തുടർന്ന് അബ്ദുൽ സലീമിന്റെ ബന്ധുവിന്റെ കരുനാഗപ്പള്ളി ആലുംകടവിലുള്ള ജ്വല്ലറിയിൽ വച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത സമയത്ത് ഫൈസലിൽ നിന്ന് സലീം രണ്ട് ലക്ഷം രൂപ വാങ്ങിയിരുന്നതായും വിജിലൻസിനു വിവരം ലഭിച്ചു. സലീമിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.