വജ്രമോതിരം ധരിച്ച ഇന്ത്യക്കാരൻ കൊട്ടി ശ്രീകാന്തിന് ലോക റെക്കോര്‍ഡ്​ സ്വന്തം

ഹൈദരാബാദ്​: വ്യത്യസ്തമായ വജ്രമോതിരം ധരിക്കുമ്പോൾ താനൊരു റെക്കോഡിന് ഉടമയാകുമെന്ന് ശ്രീകാന്ത് കരുതിയില്ല. ഒരു മോതിരത്തില്‍ ഏറ്റവും കൂടതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതി​ൻ്റെ ലോക റെക്കോര്‍ഡ്​ ഇനി ഇന്ത്യക്കാരന്​ സ്വന്തം. ഹൈദരാബാദിലെ ചന്ദുഭായ്​ എന്ന സ്ഥലത്ത്​ ഡയമണ്ട്​ സ്​റ്റോര്‍ നടത്തുന്ന കൊട്ടി ശ്രീകാന്തിനാണ്​ ഗിന്നസ്​ റെക്കോര്‍ഡ്​ ലഭിച്ചത്​.

7,801 കുഞ്ഞു വജ്രങ്ങളാണ്​ പൂവി​ൻ്റെ ഡിസൈനിലുള്ള മനോഹരമായ മോതിരത്തില്‍ പതിച്ചിരിക്കുന്നത്​. 2018ലാണ്​ മോതിരത്തിന്‍റെ ഡിസൈനിങ്​ ജോലികള്‍ ​​ശ്രീകാന്ത്​ ആരംഭിച്ചത്​. ഒരുപാട്​ ഡിസൈനുകള്‍ നോക്കിയതിന്​ ശേഷമാണ്​ ഏറ്റവും കൂടുതല്‍ വിശ്വല്‍ അപ്പീലുള്ള കമേലിയ എന്ന ഡിസൈന്‍ ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

കംപ്യൂട്ടര്‍ എയ്​ഡഡ്​ ഡിസൈന്‍ (CAD) ഉപയോഗിച്ചാണ്​ മനോഹരമായ ഡിസൈന്‍ സൃഷ്​ടിക്കാനാവശ്യമായ വജ്രങ്ങളുടെ എണ്ണം കണ്ടെത്തിയത്​.കൃത്യമായ എണ്ണം 2019 മെയ്​ മാസത്തിലാണ്​ ലഭിച്ചത്​. പിന്നാലെ സംഭരണം ആരംഭിക്കുകയായിരുന്നു.

‘ഇത്രത്തോളം വെല്ലുവിളിയുയര്‍ത്തുന്ന ഡിസൈനിങ് ആദ്യമായിട്ടാണ്​ ചെയ്യുന്നത്​. പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാണ്​ ഇപ്പോഴുള്ള രീതിയിലേക്ക്​ മോതിരത്തെ മാറ്റിയത്​. ഇനിയും ഇതുപോലുള്ള മാസ്റ്റര്‍പീസുകള്‍ നിര്‍മിക്കാന്‍ ഗിന്നസ്​ റെക്കോര്‍ഡ്​ പ്രചോദനമാകുമെന്നും’ കൊട്ടി ശ്രീകാന്ത്​ പ്രതികരിച്ചു.