സ്വർണ്ണക്കടത്ത്; കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് പങ്കുണ്ടെന്ന് പ്രധാന പ്രതി സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസിന് നല്‍കിയ മൊഴി പുറത്ത്. മുഖ്യ ആസൂത്രകന്‍ ടി കെ റമീസ് വഴിയാണ് സ്വര്‍ണക്കടത്ത് പ്രതികളുമായി എംഎല്‍എ ബന്ധം സ്ഥാപിച്ചതെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന് നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് പറയുന്നു.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനും സന്ദീപ് നായര്‍ക്കും എതിരെ കൊഫെപോസ (കള്ളക്കടത്ത് തടയല്‍ നിയമം) ചുമത്തനായുള്ള അപേക്ഷയ്‌ക്കൊപ്പമാണ് കസ്റ്റംസ് രഹസ്യ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

‘പിഡി 12002-06-2020 കോഫെപോസ’ എന്ന ഫയല്‍ നബറിലുള്ള രഹസ്യ റിപ്പോര്‍ട്ടിലാണ് പ്രതികളുമായി എംഎല്‍എക്കുള്ള ബന്ധം പരാമര്‍ശിക്കുന്നത്.

സ്വര്‍ണക്കടത്തിന്റെ ഭാഗമായി പ്രതികള്‍ തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങളിലും എംഎല്‍എയുടെ പങ്കു പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം, മൊഴിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി കാരാട്ട് റസാഖ് എംഎല്‍എ രംഗത്തെത്തി. പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളില്‍ ആരും ഇങ്ങനെയൊരു എംഎല്‍എയുടെ പങ്കിനെ കുറിച്ച്‌ പറഞ്ഞിട്ടില്ല. ആരുടേയോ സമ്മര്‍ദത്തിന്റെ ഫലമായി പ്രതികളില്‍ ഒരാളുടെ ഭാര്യ നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അത് വിശ്വസനീയമല്ല. ഈ പ്രതികളുമായി തന്റെ ജീവിതത്തില്‍ ഇതുവരെ ഒരു ബന്ധവും പുലര്‍ത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഫോണ്‍ കോളുകള്‍ പരിശോധിക്കാവുന്നതാണ്. ഇല്ലാത്ത അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകകയാണെങ്കില്‍ അതേപ്പറ്റി തനിക്ക് പറയാന്‍ സാധിക്കില്ല. ആര്‍ക്ക് വേണ്ടിയാണ് പ്രതിയുടെ ഭാര്യ ഇല്ലാത്ത കഥകള്‍ കെട്ടിച്ചമച്ചത് എന്നാണ് താന്‍ സംശയിക്കുന്നത്. അതില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും കാരാട്ട് റാസാഖ് പ്രതികരിച്ചു.