ഉണ്ണിക്കുറുപ്പ്
തിരുവനന്തപുരം: വഴിവിട്ട നീക്കങ്ങളിലൂടെ എൽബിഎസ് ഡയറക്ടറായി എം അബ്ദുൽ റഹ്മാനെ മന്ത്രി കെ ടി ജലീൽ നിയമിച്ചത് വിവാദമായിട്ടും ഇയാളെ സ്ഥിരപ്പെടുത്താൻ ഔദ്യോഗിക തീരുമാനം. സി-ആപ്റ്റ് വഴി പാഴ്സൽ കടത്താൻ നേതൃത്വം നൽകിയതിന് എൻഐഎ ചോദ്യം ചെയ്ത അബ്ദുൽ റഹ്മാന്
എൽബിഎസ് ഡയറക്ടറായി സ്ഥിര നിയമനം നൽകുന്നതിന് അനുയോജ്യമായി സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്യാൻ എൽബിഎസ് എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനമെടുത്തു. മന്ത്രി കെടി ജലീലിന്റെ നിർദ്ദേശാ നുസരണം ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഉഷ ടൈറ്റസിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് ഭേദഗതി അംഗീകരിച്ചത്.
ചട്ട ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകി ഉടൻ ഉത്തരവിറക്കും. എൽബിഎസ് ഡയറക്ടർക്ക് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ ശമ്പളഘടന നൽകാനും ചട്ടത്തിൽ പുതുതായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിലവിൽ സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലിനു തുല്യമാണ് എൽബിഎസ് ഡയറക്ടറുടെ ശമ്പളം.
നയതന്ത്ര ചാനൽ വഴി വന്ന 32 പാഴ്സൽ പായ്ക്കറ്റുകൾ സി-ആപ്റ്റിൽ എത്തിച്ച് അവിടെ നിന്ന് നിയമവിരുദ്ധമായി മന്ത്രിയുടെ നിർദേശപ്രകാരം സർക്കാർ വാഹനങ്ങളിൽ മലപ്പുറത്തേക്കും ബംഗ്ലൂരുവിലേക്കും കടത്തിയതുമായി ബന്ധപ്പെട്ട് അന്നത്തെ സി ആപ്റ്റ് ഡയറക്ടറായിരുന്ന അബ്ദുൾ റഹ്മാനേയും സി ആപ്റ്റ് ജീവനക്കാരേയും തുടർചോദ്യം ചെയ്യലിന് അന്വേഷണ ഏജൻസികൾ വിധേയമാക്കാനിരിക്കെയാണ് അബ്‌ദുൽ റഹ്മാന് വേണ്ടിയുള്ള ഈ വഴിവിട്ട ചട്ടഭേദഗതി.
നിലവിൽ എൽബിഎസ് ഡയറക്ടറുടെ താൽക്കാലിക ചുമതല വഹിക്കുന്ന അബ്ദുൽ റഹ്മാൻ ആ തസ്തികയിലിരുന്ന് ഡയറക്ടറുടെ യോഗ്യതാചട്ടം സ്വന്തം യോഗ്യതയ്ക്ക് അനുസൃതമായി എഴുതി തയ്യാറാക്കി അംഗീകരി പ്പിക്കുകയായിരുന്നു.
1976 ൽ കേരള സർക്കാർ സ്ഥാപിച്ച എൽബിഎസ് സെന്ററിൽ നാളിതു വരെ നിലനിന്നിരുന്ന ചട്ടങ്ങളാണ് പൊടുന്നനവേ വ്യക്തിഗത താത്പര്യങ്ങൾക്കായി ഭേദഗതി ചെയ്തത്. സിപിഎം വനിതാ നേതാവ് ടിഎൻ സീമ എക്സ് എംപിയുടെ ഭർത്താവ് ജി. ജയരാജൻ സ്വന്തമായി യോഗ്യതയിൽ ഇളവ് വരുത്തി സി ഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് സ്ഥിരം നിയമനം നേടാൻ ശ്രമിച്ചതിന് സമാനമായാണ് എൽബിഎസിലെ ഈ ചട്ട ഭേദഗതിയും.
സർക്കാർ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽമാർ, സാങ്കേതിക വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർമാർ എന്നിവരിൽനിന്ന് നിയമനം നടത്തണമെന്ന നിലവിലെ ചട്ടത്തിന് പകരം എൽബി എസ്സിനു കീഴിലുള്ള രണ്ടു സ്വാശ്രയ കോളേജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് നിയമിക്കാനാണ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ളത്.രണ്ടു കോളേജ് പ്രിൻസിപ്പൽമാരിൽ നിന്നാകുമ്പോൾ അബ്ദുൽ റഹ്മാന് ഡയറക്ടർ നിയമനം ഉറപ്പാക്കാനാകും.
അബ്ദുൾ റഹ്മാനെ ഐഐസിടിഇ യോഗ്യതയും നിയമന മാനദണ്ഡങ്ങളും അവഗണിച്ച് മന്ത്രി മുൻകൈയ്യെടുത്ത് പ്രിൻസിപ്പലായി നിയമിച്ചത് വിവാദമായിരുന്നു. പ്രിൻസിപ്പാൾ നിയമനം ഓപ്പൺ സെലക്ഷനിലൂടെ ആയിരിക്കണമെന്ന ഐഐസിടിഇ യുടെ ചട്ടമനുസരിച്ച് പൊതു വിജ്ഞാപനത്തിലൂടെ കഴിഞ്ഞ വഷം ജൂണിൽ എൽബിഎസ് സെന്റർ അപേക്ഷ ക്ഷണിച്ചിരുന്നു. അതനുസരിച്ച് ഐ ഐ ടി, ഐ ഐ.എസ്. സി തുടങ്ങിയ രാജ്യത്തെ പ്രശസ്തമായ സ്ഥാപനങ്ങളിൽ നിന്ന് പിഎച്ച്ഡി നേടിയ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ പ്രൊഫസർമാരുടേയും പ്രിൻസിപ്പാൾമാരുടേയും അപേക്ഷകൾ തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം അബ്ദുൾ റഹ്മാന് പ്രിൻസിപ്പലായി നിയമനം നൽകിയത്. ഈ നിയമനത്തിനെതിരെയുള്ള പരാതികൾ ഇപ്പോൾ ഗവർണരുടെ പരിഗണയിലാണ്
ഐഐസിടിഇയുടെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പ്രവേശന പരീക്ഷ, രജിസ്ട്രേഷൻ, കോഴ്സ് വർക്ക് , എക്സ്റ്റേണൽ ഇവാലുവേഷൻ തുടങ്ങിയ പ്രക്രീയകളിലൂടെ കരസ്ഥമാക്കിയ പിഎച്ച്ഡി ആയിരിക്കണമെന്ന യുജിസി നിബന്ധകൾ അവഗണിച്ചാണ് തമിഴ്നാട്ടിലെ ഒരു സ്വകാര്യ ഡീംഡ് യൂണിവേഴ്സിറ്റിയുടെ പിഎച്ച്ഡി നേടിയ അബ്ദുൾറഹ്മാനെ പ്രിൻസിപ്പാളായി നിയമിച്ചത്. യുടെ നിബന്ധന പ്രകാരമുള്ള സെലക്ഷൻ കമ്മിറ്റിക്ക് പകരം സ്വന്തം പിഎച്ച്ഡി ഗൈഡിനെ തന്നെയാണ് റഹ്മാൻ തന്റെ സ്വാധീനത്തിൽ പ്രിൻസിപ്പാളിന്റെ സെലക്ഷൻ കമ്മറ്റിയിൽ ഉൾപ്പെടുത്തിയത്. പ്രിൻസിപ്പൽ തസ്തികയിൽ നിയമിക്കപ്പെടുന്നതിന് യൂ. ജി.സി വ്യവസ്ഥ ചെയ്തിട്ടുള്ള, ഗവേഷണ മേൽനോട്ടം നടത്തിയുള്ള പരിചയമോ അംഗീകൃത ഗവേഷണ പ്രസിദ്ധീകരണങ്ങളോ അബ്ദുൽ റഹ്മാന് ഇല്ല.
തന്റെ ബിരുദങ്ങളിൽ യാതൊരു അക്കാദമിക് മികവും അവകാശപ്പെടാനില്ലാത്ത അബ്ദുൾ റഹ്മാൻ സപ്പ്ളിമെന്ററി പരീക്ഷ എഴുതിയാണ് കേരള സർവകലാശാലയിൽ നിന്ന് 2006 ൽ എം. ടെക് ബിരുദം നേടിയത്. മതിയായ യോഗ്യതയില്ലാതിരുന്ന റഹ്മാനെ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാങ്കേതിക സർവകലാശാലയുടെ പിവിസി ആയി നിയമിച്ചത് വലിയ വിവാദമായിരുന്നു. പിന്നീട് ഇടതു സംഘടനകളുടെ പരാതിപ്രകാരം ഗവർണർ പ്രസ്തുത പദവിയിൽ നിന്നു 2018-ൽ നീക്കം ചെയ്തപ്പോൾ മന്ത്രി കെ.ടി. ജലീൽ പ്രത്യേക തത്പര്യമെടുത്താണ് ‘ഇദ്ദേഹത്തെ തന്റെ വകുപ്പിന് കീഴിലുളള സി ആപ്പറ്റിൽ ഡയറക്ടാറാക്കിയതും പാഴ്‌സൽ വിവാദത്തെ തുടർന്ന് ചട്ടവിരുദ്ധമായി എൽബിഎസിൽ പ്രിൻസിപ്പാളാക്കിയതും എൽബിഎസ് ഡയറക്ടറുടെ അധിക ചുമതല നൽകിയതും.
വിദ്യാർഥികൾക്കായുള്ള നിരവധി പ്രവേശന പരീക്ഷകളും, അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിയമനങ്ങൾക്കുള്ള എഴുത്തു പരീക്ഷകളും സുതാര്യമായി നടത്തിവരുന്ന എൽബിഎസ് സെന്ററിന്റ തലപ്പത്ത് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സീനിയർ പ്രിൻസിപ്പൽമാരെയോ ഐഎഎസ് ഉദ്യോഗസ്ഥരെയോ മാത്രമേ നിയമിക്കാവൂവെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഡയറക്ടറുടെ യോഗ്യതകളിൽ ഇളവുവരുത്താനും ഭേദഗതിച്ചെയ്യാനുമുള്ള തീരുമാനം നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.