ന്യൂഡൽഹി: കൊറോണ വാക്സീൻ ലഭ്യമായാൽ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി വിതരണം ചെയ്യുമെന്നു ഒഡീഷയിൽ നിന്നുള്ള കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരംഗി. കൊറോണ വാക്സീൻ ലഭ്യമാകുന്നതോടെ ബിഹാറിലെ ജനങ്ങൾക്കു മുഴുവൻ സൗജന്യ വാക്സിനേഷൻ നടത്തുമെന്ന ബിജെപി തിരഞ്ഞെടുപ്പു പ്രകടന പത്രിക വാഗ്ദാനം വിവാദമായ സാഹചര്യത്തിലാണ് വിശദീകരണം. ഒഡീഷ ഭക്ഷ്യവിതരണ മന്ത്രി ആർ.പി സ്വെയ്ൻ ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് പ്രതാപ് ചന്ദ്ര സാരംഗി ഇക്കാര്യം പറഞ്ഞത്.
ബിഹാറിനു പുറമേ തമിഴ്നാട്, മധ്യപ്രദേശ്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും സൗജന്യ കൊറോണ വാക്സീൻ തിരഞ്ഞെടുപ്പു പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നു. മോദി മന്ത്രിസഭയിൽ സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായങ്ങൾ, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ് സാരംഗി. കൊറോണ വാക്സീൻ ലഭ്യമായാൽ സംഭരിച്ചു രാജ്യമെങ്ങും സൗജന്യമായി നൽകാൻ കേന്ദ്രം ബൃഹത് പദ്ധതി തയാറാക്കുന്നതായും സാരംഗി പറഞ്ഞു.
കേന്ദ്രം തന്നെ വാക്സീൻ സംഭരിച്ചു മുൻഗണനാ ക്രമത്തിൽ നൽകും. ഇതിനായി പ്രത്യേക പദ്ധതികൾ ആലോചിക്കേണ്ടെന്നു സംസ്ഥാനങ്ങളോടു നിർദേശിച്ചിട്ടുണ്ട്. അടുത്ത ജൂലൈയോടെ 50 കോടി ഡോസ് വാക്സീൻ 25 കോടിയാളുകൾക്കു നൽകാനാണു പദ്ധതി. ഇതിന് 50,000 കോടി രൂപ ചെലവാകും. വാക്സിനേഷനായി ഈ സാമ്പത്തിക വർഷം 50,000 കോടി രൂപ കേന്ദ്രം നീക്കിവച്ചതായി കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ആരോഗ്യപ്രവർത്തകർക്കാണു പ്രഥമ പരിഗണന. പൊലീസ് ഉദ്യോഗസ്ഥർ, സൈനികർ, തദ്ദേശസ്ഥാപന ജീവനക്കാർ തുടങ്ങിയ കോറോണ മുന്നണിപ്പോരാളികളെ രണ്ടാമതു പരിഗണിക്കും. 50 വയസ്സിനു മുകളിലുള്ള 26 കോടി ആളുകൾ പട്ടികയിൽ മൂന്നാമതാണ്. 50 വയസ്സിനു താഴെയുള്ള പ്രത്യേക ആരോഗ്യപരിരക്ഷ വേണ്ടവർ നാലാമതും. മുൻഗണനയിലുള്ളവരുടെ വിവരങ്ങൾ നവംബർ പകുതിയോടെ നൽകാൻ സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആധാർ നമ്പറും ലിങ്ക് ചെയ്യും.
കൊറോണ വാക്സീൻ വിതരണത്തിനു തിരഞ്ഞെടുപ്പു നടത്തുന്നതു പോലെയുള്ള സജ്ജീകരണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തുന്നതിന്റെ സാധ്യത ദേശീയ വാക്സീൻ വിദഗ്ധ സമിതി ചർച്ച ചെയ്തിരുന്നു. പൂർണമായും സർക്കാർ സംവിധാനമുപയോഗിച്ചാവും വിതരണമെന്നും സൂചനകളുണ്ട്.
നിലവിലുള്ള ആരോഗ്യ സംവിധാനങ്ങൾക്കു പുറമേ സ്കൂളുകളിൽ ബൂത്തുകൾ സ്ഥാപിച്ചും മറ്റുമുള്ള വിതരണ സാധ്യതകളാണു പരിശോധിക്കുന്നത്. രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൂടി വാക്സീൻ വിതരണ സമയത്തു കണക്കിലെടുക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു.