മുക്കത്ത് കാറിനുള്ളിൽ മരിച്ച അധ്യാപിക ; വിഷാദ രോഗത്തിന് അടിമയെന്ന് അന്വേഷണ സംഘം

കോഴിക്കോട്: മുക്കത്ത് ആത്മഹത്യ ചെയ്ത അധ്യാപിക ദീപ്തിക്ക് വിഷാദരോഗമായിരുന്നുവെന്ന് അന്വേഷണ സംഘം. അധ്യാപിക മരിച്ചത് കാറിനുള്ളിലെ വിഷവാതകം ശ്വസിച്ചാണെന്നും കണ്ടെത്തി.‍ എന്നൽ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ അന്തിമ സ്ഥിരീകരണം ലഭിക്കൂ.

ലോക്ക്ഡൗണില്‍ ജോലി ഇല്ലാതിരുന്നതാണ് ദീപ്തിക്ക് വിഷാദരോഗം ബാധിക്കാന്‍ കാരണമെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം ഫലപ്രദമല്ലാതിരുന്നതും ദീപ്തിയെ മാനസികമായി തളര്‍ത്തി.

ആത്മഹത്യ ചെയ്യാന്‍ കാറിനകത്ത് പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് വച്ച്‌ കാറിനകത്ത് പെട്രോളൊഴിച്ച്‌ കത്തിക്കുകയും ചെയ്തു.

എന്നാല്‍ ഉദ്ദേശിച്ചത് പോലെ തീകത്തിയില്ല. എന്നാല്‍ തീപിടുത്തത്തില്‍ ഉണ്ടായ വിഷവാതകം ശ്വസിച്ച്‌ മരണം സംഭവിക്കുകയായിരുന്നു.

ദീപ്തിയുടെ ഭര്‍ത്താവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനാണ്. ആറും ഏഴും പന്ത്രണ്ടും വയസുള്ള മക്കളുണ്ട്. കുടുംബപരമായ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി.