ബിഹാർ: മുഖ്യമന്ത്രി പദവി നിതീഷ് കുമാറിന് തന്നെ എന്ന് ബിജെപി. എൽജെപി നേതാവ് ചിരാഗ് പസ്വാന്റെ വാദങ്ങൾ തള്ളി കേന്ദ്രമന്ത്രി അശ്വനി കുമാർ ചൗബേയാണ് രംഗത്തെത്തിയത്. എൽജെപിയുമായി യാതൊരു തരത്തിലുള്ള നീക്കുപോക്കുമില്ലെന്നും അശ്വനി കുമാർ ചൗബേ വ്യക്തമാക്കി.
മോദിയെ വിശ്വസിക്കൂ. വാഗ്ദാനങ്ങൾ യാഥാർഥ്യമാക്കും. ബിഹാറിൽ ബിജെപിയുടെ മുദ്രാവാക്യമാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലയിട്ടതും ഉദാഹരണമായി ബിജെപി ചൂണ്ടിക്കാട്ടുന്നു.
ബിഹാറിൽ ബിജെപിയുടെ കരുത്ത് ക്രമാനുഗതമായി കൂടി. ജെഡിയു – 122 ബിജെപി – 121 എന്നിങ്ങനെയാണ് സീറ്റ് വീതം വച്ചത്. ബിജെപിയുടെ 11 സീറ്റ് വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് നൽകി.
എൽജെപിയുടെ പിന്തുണയോടെ ബിജെപി സർക്കാരുണ്ടാക്കുമെന്ന ചിരാഗ് പസ്വാന്റെ അവകാശവാദം ബിജെപി നേതൃത്വം തള്ളുന്നു. ചിരാഗുമായി ഒരു ധാരണയുമില്ല. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയെന്ന് ബിജെപി.
ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ നേതാക്കളുടെ ഇപ്പോഴത്തെ നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന ആകാംക്ഷയിലാണ് ബിഹാർ.