തിരുവനന്തപുരം: അമ്മത്തൊട്ടിലിൽ ലഭിച്ച അഞ്ചുദിവസം പ്രായമായ ആൺകുട്ടി ശിശുക്ഷേമസമിതിയിലെ രേഖകളിൽ പെൺകുട്ടിയായത് വിവാദമായി. കുട്ടിയെ തിരിച്ചറിയാൻ കഴിയാത്തവർ നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായോടുളള ആദരസൂചകമായി മലാലയെന്ന് പേരുമിട്ടു.
ആദ്യഘട്ട വിദഗ്ധ പരിശോധനകൾ കഴിഞ്ഞ് കുട്ടിയെ ക്വാറന്റീൻ സെന്ററിലേക്ക് മാറ്റിക്കഴിഞ്ഞപ്പോഴാണ് ഉത്തരവാദിത്തപ്പെട്ടവരുടെ പിഴവ് മനസിലായത്. ഇത് ആരുടെയെങ്കിലും തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് ഇപ്പോൾ അധികൃതർ. യാതൊരു സങ്കോചവുമില്ലാതെ ഇതിനെ വെറുമൊരു ക്ലറിക്കൽ എററായി കാണാനാണ് ബന്ധപ്പെട്ടവർക്ക് താൽപര്യം.
വെള്ളിയാഴ്ച പുലർച്ചെയാണ് അമ്മത്തൊട്ടിലിൽ കുട്ടിയെ ലഭിച്ചത്. അമ്മ തൊട്ടിലിൽ കുട്ടി ഉണ്ടെന്നറിഞ്ഞ് ഡോക്ടറും നഴ്സുമെത്തി കുട്ടിയെ എടുത്തു. ഇതിന് ശേഷം തൈക്കാട് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴും പെൺകുട്ടിയാണെന്നാണ് രേഖപ്പെടുത്തിയത്. പബ്ലിസിറ്റി ഒട്ടും കുറയ്ക്കേണ്ടെന്ന് കരുതി നൊബൽ സമ്മാന ജേതാവിൻ്റെ പേരിട്ട് ആദരിച്ച വിവരമറിയിക്കാൻ മാധ്യമങ്ങൾക്ക് ഇത് സംബന്ധിച്ച് കുറിപ്പും നൽകി.
കുഞ്ഞിന്റ കൊറോണ പരിശോധനഫലം നെഗറ്റീവായിരുന്നു. എങ്കിലും അമ്മത്തൊട്ടിലിൽ കിട്ടുന്ന കുട്ടിയെ കൊറോണ വ്യാപനം കാരണം 14 ദിവസം ക്വാറന്റീനിലേക്ക് മാറ്റണമെന്നാണ് നിർദേശം. ഇതിന്റ അടിസ്ഥാനത്തിൽ പിഎംജിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ എത്തിച്ചപ്പോഴാണ് കുഞ്ഞ് പെൺകുട്ടിയല്ല, ആൺകുട്ടിയാണന്ന് മനസിലായത്.
ഇതോടെ മലാലയ്ക്ക് പകരം മറ്റൊരു പേര് കണ്ടെത്താനുള്ള ശ്രമത്തിലാണ് ശിശുക്ഷേമസമിതിക്കാർ.സംഭവം ജീവനക്കാരുടെ പിഴവാണെന്നും നടപടിയെടുക്കുമെന്നും ജനറൽ സെക്രട്ടറി ഷിജുഖാൻ പറഞ്ഞു.