തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ കിഫ്ബി ഫണ്ട് അനുവദിക്കുന്നതില്‍ ഉപാധികള്‍ വച്ച് ധനവകുപ്പ്. കെയുആര്‍ടിസി മാതൃകയില്‍ ഉപകമ്പനി രൂപീകരിച്ച് മാത്രമേ ബസ് വാങ്ങാവു. ബസില്‍ നിന്ന് കിട്ടുന്ന മുഴുവന്‍ വരുമാനവും തിരിച്ചടവിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം എന്നുമാണ് നിര്‍ദേശം.
അന്‍പത് വൈദ്യുതി ബസുകളും 310 സിഎന്‍ജി ബസുകളും വാങ്ങാന്‍ 286 കോടി രൂപയാണ് സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് അനുവദിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസി തുക സമയബന്ധിതമായി തിരിച്ചടയ്ക്കുമോയെന്ന ആശങ്കയാണ് ഉപാധികള്‍ വയ്ക്കാന്‍ ധനവകുപ്പിനെ പ്രേരിപ്പിക്കുന്നത്.
ഇതനുസരിച്ച് ജന്‍ റം ബസുകള്‍ക്കായി കെയുആര്‍ടിസി രൂപീകരിച്ചതുപോലെ ഒരു ഉപകമ്പനി രൂപീകരിക്കണം. ഈ കമ്പനിക്കായിരിക്കും സര്‍ക്കാര്‍ ഫണ്ട് നല്‍കുക. ബസില്‍ നിന്ന് കിട്ടുന്ന വരുമാനം കമ്പനിയുടെ അക്കൗണ്ടിലായിരിക്കണം.
ഇത് അതേപോലെ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നാല് ശതമാനമാണ് പലിശ. വൈദ്യുതി ബസുകള്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ലാഭകരമല്ലാത്തതാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കുന്നത്.
സിറ്റി സര്‍വീസിനല്ലാതെ മറ്റൊരിടത്തും ഒാടിക്കാനും ആകില്ല. വാങ്ങുന്ന അന്‍പത് ബസുകള്‍ക്ക് ഇരുപത്തിയേഴരക്കോടി രൂപ കേന്ദ്രസര്‍ക്കാരില്‍ നിന്ന് സബ്സിഡി ലഭിക്കും. കൂടുതല്‍ ബസുകള്‍ കേന്ദ്രത്തില്‍ നിന്ന് വാടക്യ്ക്ക് എടുക്കാനും ആലോചിക്കുന്നുണ്ട്. കിലോമീറ്ററിന് 40 രൂപ ചെലവാകും, എട്ടുരൂപ കേന്ദ്രം സബ്സിഡി നല്‍കും,ബാക്കി 32 രൂപയും കെഎസ്ആര്‍ടിസി ഒാടി കണ്ടെത്തേണ്ടിവരും