‘ത്രിവര്‍ണ പതാക ഉയര്‍ത്തില്ല’; മെഹബൂബ മുഫ്തിക്കെതിരേ അഭിഭാഷകൻ പരാതി നൽകി; രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി

ന്യൂഡെൽഹി: ത്രിവര്‍ണ പതാക ഉയര്‍ത്തില്ലെന്ന വിവാദ പരാമര്‍ശത്തില്‍ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിക്കെതിരെ സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിണ്ഡലാണ് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കി. മെഹ്ബൂബയുടെ പരാമര്‍ശം തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 121, 151,153 എ, 295,298, 504,505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മെഹ്ബൂബയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് മെഹ്ബൂബയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

മെഹബൂബ മുഫ്തിക്കെതിരേ രാജ്യദ്രോഹ കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ജമ്മുകശ്മീർ ഘടകം ആവശ്യപ്പെട്ടു. മെഹബൂബ മുഫ്തിയുടെ രാജ്യദ്രോഹപരമായ പരാമർശങ്ങൾക്കെതിരേ നടപടി സ്വീകരിക്കണമെന്ന് താൻ ലഫ്റ്റനന്റ് ഗവർണ്ണറോട് ആവശ്യപ്പെടുകയാണ്.അവരെ അഴികൾക്കുള്ളിലാക്കണമെന്നുമാണ് എന്റെ അഭിപ്രായം”, ജമ്മുകശ്മീർ ബിജെപി പ്രസിഡന്റ് രവീന്ദർ റെയ്ന പറഞ്ഞു.

‘ഞങ്ങൾ കശ്മീരിനെ കൈയൊഴിഞ്ഞെന്ന് കരുതുന്നവർക്ക് തെറ്റിപ്പോയി. ഞങ്ങളുടെ സംസ്ഥാന പതാക തിരിച്ചെത്തിയാൽ മാത്രമേ ഞങ്ങൾ ദേശീയ പതാക ഉയർത്തുകയുള്ളൂ. ഈ പതാകയും ഭരണഘടനയും ഉള്ളതുകൊണ്ടുമാത്രമാണ് ഇവിടെ ദേശീയ പതാകയുള്ളത്. ഈ പതാക മൂലമാണ് ഞങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നത്’ എന്നായിരുന്നു മെഹ്ബൂബ മുഫ്തി പറഞ്ഞത്.

14 മാസം നീണ്ട വീട്ടു തടങ്കലിൽ നിന്ന് മോചിതയായ ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാർട്ടി പതാകയ്ക്കൊപ്പം കശ്മീരിന്റെ പഴയ പതാകയും മേശയിൽ സ്ഥാപിച്ചായിരുന്നു അവർ മാധ്യമങ്ങളോട് സംസാരിച്ചത്.

കേന്ദ്രം പിൻവലിച്ച പ്രത്യേക പദവി പുന:സ്ഥാപിക്കാനുള്ള ഭരണഘടനാപരമായ പോരാട്ടം പാർട്ടി ഉപേക്ഷിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.


രാജ്യത്തിനും പതാകയ്ക്കുമായി ഓരോ തുള്ളി രക്തവും തങ്ങൾ ബലിയർപ്പിക്കുമെന്നും ജമ്മുകശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടകമാണെന്നും ജമ്മുകശ്മീരിൽ ഒരു പതാക ഉയർത്താനേ അവകാശമുള്ളൂവെന്നും അത് ഇന്ത്യയുടെ പതാകയാണെന്നും റെയ്ന പറഞ്ഞു

ഭൂമിയിൽ ഒരു ശക്തിക്കും സംസ്ഥാന പതാക വീണ്ടും ഉയർത്താനോ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാനോ കഴിയില്ലെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവനയോടുള്ള ബിജെപി പ്രതികരണം.

“കശ്മീരിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ മെഹബൂബ മുഫ്തിയെപ്പോലുള്ള നേതാക്കൾ പറയരുത്. സമാധാനം, സാഹോദര്യം എന്നിവ നശിപ്പിക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അതിന്റെ പരിണതഫലങ്ങൾ നേരിടേണ്ടിവരും”.

കശ്മീരിലെ നേതാക്കൾക്ക് ഇന്ത്യയിൽ കഴിയാൻ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർക്ക് പാകിസ്താനിലേക്കോ ചൈനയിലേക്കോ പോകാമെന്നും രവീന്ദർ റെയ്ന പറഞ്ഞു.