തിരുവനന്തപുരം : സിബിഐയെ വിലക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശത്തിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍. സിബിഐയോടുള്ള എതിര്‍പ്പിന് കാരണം ലൈഫ് ഉള്‍പ്പെടെയുള്ള തീവെട്ടിക്കൊള്ളകള്‍ പുറത്തുവരുമെന്ന ഭയമാണ്. സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു.
ലൈഫില്‍ അഴിമതിക്കെതിരായ വിഷയത്തിലാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തില്‍ പ്രതിരോധത്തിലായിട്ടുള്ളത്. ഇതാണ് ഇപ്പോള്‍ സിബിഐക്കെതിരെ വരാന്‍ പ്രേരണയായിട്ടുള്ളത്. ലൈഫ് പദ്ധതിയില്‍ യൂണിടാക്ക് ഉടമസ്ഥന്‍മാരും അതിന്റെ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടുള്ള ആളുകളെയും പേരു പറഞ്ഞുകൊണ്ടാണ് കേസില്‍ പ്രതിയാക്കിയിട്ടുള്ളത്.
ലൈഫിന്റെ ഒരു ഉദ്യോഗസ്ഥനെയും അതില്‍ പ്രതി ചേര്‍ത്തിട്ടില്ല. പക്ഷെ സംസ്ഥാനസര്‍ക്കാര്‍ യൂണിടാക്കിനെതിരായിട്ടുള്ള അഴിമതി അന്വേഷണം അട്ടിമറിക്കാനായി എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് കോടതിയില്‍ പോയത്. എഫ്‌ഐആര്‍ റദ്ദാക്കിയാല്‍ യൂണിടാക്കിനെതിരെയുള്ളത് അടക്കം അന്വേഷണം ഇല്ലാതാകുകയാണ് ഫലം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സിബിഐ വിരോധത്തിന്റെ അടിസ്ഥാനം, അവരുടെ രാഷ്ട്രീയ അഴിമതികള്‍ പുറത്തുവരും എന്നുള്ളതു കൊണ്ടാണെന്ന് വി മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ അന്വേഷിക്കുന്നത് സര്‍ക്കാര്‍ തടയുകയാണ്. സിബിഐ തന്നെയാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസില്‍ ഹൈക്കോടതിയില്‍ ഒരു അഭിഭാഷകന് ഒരു തവണ ഹാജരാകാന്‍ സര്‍ക്കാര്‍ 25 ലക്ഷം രൂപയാണ് കൊടുത്തത്. അതേസമയം കേരളത്തിന് വെളിയില്‍ പല കേസുകളിലും സിപിഎം നേതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ശാരദ് ചിട്ടി തട്ടിപ്പില്‍ അടക്കം സിബിഐ അന്വേഷണം വേണമെന്ന് സീതാറാം യെച്ചൂരിയും ബുദ്ധദേബ് ഭട്ടാചാര്യയും ആവശ്യപ്പെട്ടിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.