കാഠ്മണ്ഡു: ഇന്ത്യയുടെ ബാഹ്യ ചാര ഏജൻസിയായ റോ തലവൻ സമന്ത് കുമാര്‍ ഗോയലിൻ്റെ നേപ്പാൾ സന്ദർശനം വിവാദമായി. ഡിറ്റക്ടീവ് ഏജൻസിയുടെ തലവനെ നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി കണ്ടു എന്നാണ് വിമർശനം ഉയരുന്നത്. ഗോയലിന്റെ സന്ദർശനം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുമെന്നാണ് നേപ്പാൾ മാധ്യമങ്ങളുടെ വിമർശനം.
ഒമ്പതംഗ സംഘവുമായാണ് റോ തലവന്‍ സമന്ത് കുമാര്‍ ഗോയല്‍ കാഠ്മണ്ഡുവിലെത്തിയത്. നേപ്പാളിലെ ഭരണ പ്രതിസന്ധിയെ തുടര്‍ന്ന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് സന്ദര്‍ശനമെന്നാണ് നേപ്പാളിലെ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ വിവാദങ്ങൾക്കിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗോയല്‍ ഇന്നലെ ഡെല്‍ഹിക്കു മടങ്ങി.
പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി, മുന്‍ പ്രധാനമന്ത്രിമാരായ പുഷ്പ കമല്‍ ദഹാല്‍, ഷേര്‍ ബഹാദൂര്‍ ഡ്യൂബ, മാധവ് കുമാര്‍ നേപ്പാള്‍, മറ്റ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി ഗോയല്‍ കൂടിക്കാഴ്ച നടത്തിയതിലും ദുരൂഹത ഉന്നയിച്ചിരിക്കയാണ് മാധ്യമങ്ങൾ.
ഇന്ത്യൻ കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ അടുത്ത മാസം നേപ്പാൾ സന്ദർശനം നടത്തുന്നതിന് മുന്നോടിയായാണ് ഗോയൽ നേപ്പാളിൽ സന്ദർശനം നടത്തിയത്. അടുത്ത മാസം മൂന്നിന് നേപ്പാളിൽ 3 ദിവസത്തെ സന്ദർശനത്തിനായാണ് നരവാനെ പോകുന്നത്.