കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ആഭ്യന്തര ശീതകാല സമയപ്പട്ടിക ഒക്ടോബര്‍ 25ന് നിലവില്‍ വരും. പട്ടിക പ്രകാരം പ്രതിവാരം 230 ആഗമനങ്ങളും 230 പുറപ്പെടലുകളും വിമാനത്താവളത്തില്‍ നിന്നുണ്ടാകും. 2021മാര്‍ച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വീസിന്റെ കാലാവധി.
ഘട്ടം ഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ മിക്ക വിമാനക്കമ്പനികളും കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിങ് തുടങ്ങിയിട്ടുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിലവിലുള്ള നിയന്ത്രിത മാതൃകയില്‍ തന്നെ തുടരും.
നിലവില്‍ വിമാന കമ്പനികള്‍ക്ക് തങ്ങളുടെ ശേഷിയുടെ 60 ശതമാനം സര്‍വീസ് നടത്താനുള്ള അനുമതിയുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്.
ഡെല്‍ഹിയിലേക്ക് പ്രതിദിനം ശരാശരി ഒമ്പതും മുംബൈയിലേക്ക് അഞ്ചും ബാംഗ്ലൂരിലേക്ക് എട്ടും ചെന്നൈയിലേക്ക് നാലും സര്‍വീസുകളുണ്ടാകും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 06.25ന് കണ്ണൂരിലേക്ക് ഇന്‍ഡിഗോ വിമാനമുണ്ടാകും.
ഗുവാഹത്തി, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നു തിരിച്ചും കണക്ഷന്‍ സര്‍വീസുകളുമുണ്ടാകും. രാജ്യാന്തര സര്‍വീസുകള്‍ നിലവിലുള്ള ‘എയര്‍ ബബിള്‍ (നിശ്ചിത രാജ്യങ്ങളിലേക്ക് പ്രത്യേക ഉടമ്പടിയനുസരിച്ച് നടത്തുന്ന നേരിട്ടുള്ള സര്‍വീസുകള്‍)’ മാതൃക തുടരും. ഗള്‍ഫ് നഗരങ്ങള്‍ക്ക് പുറമെ ലണ്ടന്‍, മാലി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് നിലവില്‍ കൊച്ചിയില്‍ നിന്ന് സര്‍വീസുള്ളത്. മേല്‍പ്പറഞ്ഞ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ള വിസ നിയമങ്ങള്‍ക്ക് അനുസൃതമായി യാത്രക്കാര്‍ക്ക് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.
വിമാന സര്‍വീസുകള്‍ വര്‍ദ്ധിക്കുന്നതോടെ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിയാല്‍ അറിയിച്ചു.