വിസാ നിയന്ത്രണങ്ങളില്‍ ഇളവ്; വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് എത്താം

ന്യൂഡെല്‍ഹി:
കൊറോണയെ തുടർന്ന് ഏർപ്പെടുത്തിയ വിസനിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ടൂറിസം, മെഡിക്കല്‍ വിസകള്‍, ഇ–-വിസകള്‍ ഒഴികെയുള്ളവ പുനഃസ്ഥാപിച്ചതായി ആഭ്യന്തരമന്ത്രാലയം. ഇളവ് വന്നതോടെ ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസികള്‍, പിഐഒ കാര്‍ഡുള്ള പ്രവാസികള്‍, ഇന്ത്യന്‍ വിസയുള്ള വിദേശികള്‍ എന്നിവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാം.

ബിസിനസ് ആവശ്യങ്ങള്‍, തൊഴില്‍പരമായ ആവശ്യങ്ങള്‍, വിദ്യാഭ്യാസം, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് എത്താം. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വരുന്നവരും വിസാ കാലാവധി കഴിഞ്ഞവരും പുതിയ വിസയ്ക്കായി അപേക്ഷിക്കണം.

അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പുനരാരംഭിക്കാത്ത സാഹചര്യത്തില്‍ വന്ദേഭാരത് വിമാനങ്ങളിലോ മറ്റ് രാജ്യങ്ങളുമായി എയര്‍ബബിള്‍ ധാരണപ്രകാരമുള്ള വിമാനസര്‍വീസുകളിലോ വ്യോമയാനമന്ത്രാലയത്തിന്റെ അനുമതിയോടെ പ്രത്യേക വിമാനങ്ങളിലോ ആകും വിദേശികള്‍ക്ക് എത്താനാവുക.