ന്യൂഡെൽഹി: ആമസോൺ പാർലമെന്റിന്റ് സംയുക്ത സമിതിക്ക് മുന്നിൽ ഹാജരാകണമെന്ന ആവശ്യം നിരസിച്ചു. ഒക്ടോബർ 28-നുള്ളിൽ സമിതിക്ക് മുന്നിൽ ഹാജരാകാനായിരുന്നു ആമസോണിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ പ്രാപ്തരായ തങ്ങളുടെ വിദഗ്ധരെല്ലാം വിദേശത്താണെന്നായിരുന്നു യുഎസ് ബഹുരാഷ്ട്ര ഭീമനായ ആമസോൺ നൽകിയ മറുപടി.
പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ- 2019 തുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് സംയുക്ത പാർലമെന്ററി സമിതിക്ക് മുന്നിൽ ഹാജരാകാൻ ആമസോൺ അടക്കമുള്ള കമ്പനിക്ക് നിർദേശം നൽകിയത്. അതേസമയം, ഹാജരായില്ലെങ്കിൽ മറ്റ് കടുത്ത നടപടികൾ നേരിടേണ്ടിവരുമെന്ന് സമിതി മുന്നറിയിപ്പ് നൽകി.
കമ്പനിയുടെ തീരുമാനം കടുത്ത നടപടികൾ വിളിച്ചുവരുത്തുന്നതാണെന്ന് സമിതി അധ്യക്ഷയും ബിജെപി എംപിയുമായ മീനാക്ഷി ലേഖി പറഞ്ഞു. ആമസോണിനെതിരെ നടപടി സ്വീകരിക്കണമെന്ന് സംയുക്ത പാർലമെന്ററി സമിതിയിലെ എല്ലാ അംഗങ്ങളും സർക്കാറിന് ശുപാർശ ചെയ്യുമെന്നും ലേഖി വ്യക്തമാക്കി. ബില്ലിൻമേൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച വിഷയങ്ങളാണ് പരിശോധിക്കുന്നത്. ഫേസ്ബുക്ക്, ട്വീറ്റർ, ഗൂഗിൾ, പേടിഎം എന്നിവയോടും സമിതിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു.