ന്യൂഡെൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്ടോബറിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി ശരത് ലാലിനെയും കൃപേഷിന്റേയും കുടുംബം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ ആണ് കുടുംബം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ അന്വേഷണ തത്സ്ഥിതി റിപ്പോർട്ട് എറണാകുളത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സി ബി ഐ ഫയൽ ചെയ്തിരുന്നതായും സുപ്രീം കോടതിയിൽ ഇവർ അറിയിച്ചു.
അതേസമയം കേസ് അന്വേഷണം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സി ബി ഐ ഇത് വരെയും സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല.
കേസിന്റെ അന്വേഷണം കൈമാറികൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് തൊട്ട് പിന്നാലെ സി ബി ഐ തിരുവനന്തപുരം യുണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ആർ രമേശ് ബാബു മുഖേനെ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ കുടുംബം ചൂണ്ടിക്കാട്ടുന്നു.
കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന കേസ് എറണാകുളത്തെ പ്രത്യേക സി ബി ഐ കോടതിയിലേക്ക് മാറ്റിയിരുന്നു. തങ്ങളുടെ വീട് സന്ദർശിച്ച് സി ബി ഐ ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തിയിരുന്നതായും ശരത്ത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം അറിയിച്ചു.
എല്ലാ പ്രതികളുടെയും സാക്ഷികളുടെയും, കേസുമായി ബന്ധപെട്ടവരുടെയും ഫോൺ കോൾ രേഖകളും സി ബി ഐ ശേഖരിച്ചിരുന്നു. അന്വേഷണ തത്സ്ഥിതി റിപ്പോർട്ട് ഫെബ്രുവരി 22 ന് പ്രത്യേക കോടതിക്ക് കൈമാറിയിരുന്നതായും ഇരു കുടുംബങ്ങളും അറിയിച്ചു.