തിരുവനന്തപുരം: സവാളയുടെയും ഉള്ളിയുടേയും ഇറക്കുമതി കുറഞ്ഞതോടെ വർധിച്ച വില തടയാന്‍ നടപടിയുമായി ഭക്ഷ്യവകുപ്പ്. നാഫെഡ് വഴി കൂടുതല്‍ സവാള ഇറക്കുമതി ചെയ്ത് സപ്ലൈകോ വഴി വിതരണം ചെയ്യുമെന്ന് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു.
പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോ ദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല കമ്പോളത്തിൽ ഇന്നലത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.
ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്
കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.