കെഎം ഷാജിക്കെതിരായ കോഴക്കേസ്; എൻഫോഴ്സ്മെന്റ് എംഎൽഎയുടെ വീട് അളന്നു

കോഴിക്കോട്: കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം കെഎം ഷാജി എംഎൽഎയുടെ വീട് അളന്നു. കോഴിക്കോട് നഗരസഭയിലെ ഉദ്യോഗസ്ഥരാണ് എംഎൽഎയുടെ വീട്ടിലെത്തി അളവെടുപ്പ് നടത്തിയത്. കണ്ണൂർ അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി.

അളവെടുപ്പ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥർ ഉച്ചയോടെയാണ് എംഎൽഎയുടെ വീട്ടിൽനിന്ന് മടങ്ങിയത്. അളവെടുപ്പ് സംബന്ധിച്ച് വീട്ടുകാർക്ക് നോട്ടീസോ മറ്റോ നൽകിയിട്ടില്ലെന്നാണ് വിവരം. പരിശോധന നടക്കുമ്പോൾ കെ.എം. ഷാജിയും വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളിൽനിന്ന് മൊഴി രേഖപ്പെടുത്തും. മാനേജ്മെന്റ് പ്രതിനിധികളെ കോഴിക്കോട്ടെ ഇ.ഡി. ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ. മജീദിനെയും കണ്ണൂർ ജില്ലാ സെക്രട്ടറിയെയും ഇഡി ഓഫീസിൽ ചോദ്യംചെയ്തിരുന്നു.

കെപിഎ മജീദിന്റെ ചോദ്യംചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. കേസിൽ നവംബർ പത്തിന് ഹാജരാകാൻ കെഎം ഷാജിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. കോഴക്കേസിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്.