ന്യൂഡെൽഹി: ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്ത ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പുതിയ പരിശീലന ക്യാമ്പ് ആരംഭിച്ചതായി ദേശീയ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജെയ്‌ഷെ മുഹമ്മദിന്റെ ഉയർന്ന കമാൻഡറായ ജൂബറിനെയാണ് തീവ്രവാദികളെ പരിശീലിപ്പിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
18 മാസങ്ങൾക്കുമുമ്പ് ഇന്ത്യൻ വ്യോമസേന തകർത്ത ബാലകോട്ടിലെ തീവ്രവാദ ക്യാമ്പിരുന്ന സ്ഥലത്ത് പുതിയൊരു കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട് എന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ നൽകുന്ന വിവരം. തീവ്രവാദികളുമായി ആശയവിനിമയം നടത്താനും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ക്രോഡീകരിക്കാനുമാണ് കൺട്രോൾ റൂം ബാലകോട്ടിൽ തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ കൊറോണ പ്രതിരോധ മാർഗങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്നതിനു ഇടയിൽ ഇന്ത്യയെ ആക്രമിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് പാകിസ്ഥാൻ. ജമാത്ത്-ഉദ്-ധവ,ജയ്ഷ്-ഇ-മൊഹമ്മദ് എന്നീ ഭീകരസംഘടനകളാണ് പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതെന്നും, ഇവരുടെ പ്രവർത്തനം ഇപ്പോഴും നിർബാധം തുടരുന്നുണ്ടെന്നും ഇൻറലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.