കൊച്ചി: കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനെ സഹായിച്ചത്, സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ആണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറയുന്നു.
സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം നീക്കുന്നതിനു സ്വപ്‌നയുടെ സഹായം തേടിയതായി ശിവശങ്കര്‍ ചോദ്യം ചെയ്യലിനിടെ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി യുഎഇ സര്‍ക്കാരിന്റെ ഇടപെടല്‍ തേടി, ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്നയെ ബന്ധപ്പെട്ടിരുന്നു. പദ്ധതിയിലെ മുഖ്യ പങ്കാളിയായ ദുബൈ ഹോള്‍ഡിങ്ങിനെ സംസ്ഥാന സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാന്‍ ഈ ഇടപെടല്‍ സഹായകമായി. 2017ല്‍ ആണ് ഇത്. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഐടി കമ്പനികള്‍ക്കും ദുബൈയില്‍ അവസരം തേടിയും ശിവശങ്കര്‍ സ്വപനയെ ബന്ധപ്പെട്ടിട്ടുണ്ട്.
ദുബൈ ഹോള്‍ഡിങ്ങിനും സംസ്ഥാന സര്‍ക്കാരിനും പങ്കാളിത്തമുള്ള സ്മാര്‍ട്ട് സിറ്റി പദ്ധതി 2017ല്‍ അനിശ്ചിതത്വത്തിലേക്കു നീങ്ങിയപ്പോഴാണ് ശിവശങ്കര്‍ സ്വപനയെ ഇതില്‍ ഇടപെടുവിച്ചത്. പിന്നീട് സര്‍ക്കാരും ദുബൈ ഹോള്‍ഡിങ്ങും തമ്മില്‍ ചര്‍ച്ച നടത്തി ഭിന്നതകള്‍ പരിഹരിക്കുകയും ചെയ്തിരുന്നു. പദ്ധതി 2021ല്‍ പൂര്‍ത്തിയാവുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.