പാറ്റ്ന: കൊറോണ ഭീതിക്കിടയിലും കടുത്ത പോരാട്ടം നടക്കുന്ന ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ. ജനതാദള്‍ (യു)വും ബിജെ.പിയും നേതൃത്വം നല്കുന്ന മുന്നണിക്ക് 243 അംഗ സഭയില്‍ 133നും 143നും ഇടയില്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ് ലോക്നീതി-സിഎസ്ഡിഎസ് സര്‍വേയില്‍ വ്യക്തമാക്കുന്നത്. ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്കുന്ന മഹാസഖ്യത്തിന് 88നും 98നും ഇടയില്‍ സീറ്റുകളാണ് സര്‍വേ പ്രവചിക്കുന്നത്.
എന്‍ഡിഎക്ക് 38 ശതമാനവും പ്രതിപക്ഷ സഖ്യത്തിന് 32 ശതമാനവും വോട്ട് നേടാനാകുമെന്ന് സര്‍വേ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 43.2 ശതമാനം വോട്ട് നേടിയ ഭരണപക്ഷത്തിന് വലിയ ശതമാനം ഇടിവ് സംഭവിക്കും. 2015ല്‍ 28.5ശതമാനം വോട്ട് നേടിയ മഹാസഖ്യത്തിന് വോട്ട് വര്‍ധനയാണ് സര്‍വേയില്‍ സൂചിപ്പിക്കുന്നത്.
എന്‍ഡിഎ ഘടകകക്ഷിയായിരുന്ന ലോക് ജനശക്തി പാര്‍ട്ടി ഇക്കുറി മുന്നണിയിലില്ലാതെ ഒറ്റക്കാണ് മത്സരിക്കുന്നത്എല്ജെപിക്ക് ആറു ശതമാനം വോട്ടും രണ്ടുമുതല്‍ ആറുവരെ സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്. എല്‍ജെപി ഒറ്റക്ക് മത്സരിക്കുന്നത് എന്‍ഡിഎക്ക് തുണയാകുമെന്നാണ് സര്‍വേ നിരീക്ഷിക്കുന്നത്. മഹാസഖ്യത്തിന് ലഭിക്കേണ്ട ഭരണവിരുദ്ധ വോട്ടുകളില്‍ വലിയൊരു പങ്ക് എല്‍ജെപി നേടുമെന്നാണ് സര്‍വേയിലെ സൂചന. മറ്റു പാര്‍ട്ടികളും സ്വതന്ത്രരുമെല്ലാം ചേര്‍ന്ന് 17 ശതമാനം വോട്ട് നേടുമെന്നും സര്‍വേയില്‍ പറയുന്നു. ആറുമുതല്‍ പത്തുവരെ സീറ്റുകള്‍ ഇവര്‍ നേടുമെന്നാണ് സര്‍വേഫലം.
മുഖ്യമന്ത്രിയായി 31 ശതമാനം പേര് ജനതാദള്‍ (യു) നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പിന്തുണക്കുമ്പോള്‍ 27 ശതമാനം ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പമാണ്. അഞ്ചുശതമാനം പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാനെ പിന്തുണക്കുന്നത്. കഴിഞ്ഞ തവണത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ നിതീഷ് കുമാറിൻ്റെ ജനപ്രീതിയില്‍ ഏറെ ഇടിവു സംഭവിച്ചിട്ടുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു.
നിലവില്‍ എന്‍ഡിഎക്ക് 125ഉം (ജനതാദള്‍ -യു -67, ബിജെപി-53) മഹാസഖ്യത്തിന് 100ഉം (ആര്‍ജെഡി -73, കോണ്‍ഗ്രസ് -23) സീറ്റാണുള്ളത്. ഒക്ടോബര്‍ 28നാണ് ബിഹാര്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്.