തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്തുമെന്ന് സൂചന. തെരഞ്ഞെടുപ്പ് ഡിസംബർ 11ന് മുൻപ് നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച മാർഗരേഖ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കി.
പ്രചാരണ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭവന സന്ദർശനത്തിന് സ്ഥാനാർത്ഥികൾക്കൊപ്പം അഞ്ച് പേർ മാത്രമേ പാടുള്ളു. റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങൾ മാത്രമേ അനുവദിക്കൂ. ജാഥകളും കൊട്ടിക്കലാശവും വിലക്കിയിട്ടുണ്ട്. പരമാവധി പ്രചരണം സോഷ്യൽ മീഡിയ വഴിയേ ആകാവുവെന്നും നിർദേശത്തിൽ പറയുന്നു.
പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥി ഉൾപ്പടെ മൂന്ന് പേർ മാത്രമേ പാടുള്ളു. സ്ഥാനാർത്ഥികൾക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാൾ എന്നിവ നൽകി സ്വീകരിക്കാൻ പാടില്ലെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
റോഡ് ഷോയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങളേ ഉപയോഗിക്കാവൂ. പൊതു യോഗങ്ങള്‍ കുടുംബ യോഗങ്ങള്‍ എന്നിവ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ നടത്താവൂ. ഇതിനായി പൊലീസന്‌റെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ബൂത്തിന് പുറത്ത് വെള്ളവം സോപ്പും കരുതണമെന്നും ബൂത്തിനകത്ത് സാനിറ്റൈസർ നിർബന്ധമാണെന്നും മർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു. ബൂത്തിനകത്ത് ഒരേ സമയം മൂന്ന് വോട്ടർമാർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയുള്ളു. പോളിംഗ് ഉദ്യോഗസ്ഥർക്ക് ഫെയ്‌സ് ഷീൽഡും കൈയ്യുറയും നിർബന്ധമാക്കി. വോട്ടർമാർക്ക് മാസ്‌ക് നിർബന്ധമാണ്. കൊറോണ രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും തപാൽ വോട്ടും അനുവദിക്കും.
തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെപ്റ്റംബര്‍ 18-ന് വിളിച്ചുചേര്‍ത്ത രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ആ യോഗത്തിലെ തീരുമാനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി ഉത്തരവായതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്കരന്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു.
941 ഗ്രാമ പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ 86 മുനിസിപ്പാലിറ്റികള്‍ 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലായി 21,865 വാര്‍ഡുകളിലേയ്ക്കാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം, ഇ.വി.എം ഫസ്റ്റ് ലെവല്‍ ചെക്കിങ് എന്നിവ പുരോഗമിച്ച് വരുകയാണ്. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മറ്റും ഒരു അവസരം കൂടി നല്‍കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.