ന്യൂഡെൽഹി: കേന്ദ്രമന്ത്രി വി മുരളീധരൻ പ്രോട്ടോക്കോൾ ലംഘനം നടത്തിയിട്ടില്ലെന്ന് സ്ഥിരീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. വി മുരളീധരന്‍റെ അറിവോടെ ചട്ടം ലംഘിച്ച് പി ആർ കമ്പനി മാനേജരായ സ്മിതാ മേനോൻ 2019 നവംബറിൽ അബുദാബിയിൽ നടന്ന ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുത്തെന്ന ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരിന്റെ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി.
ഒക്ടോബർ മൂന്നിനായിരുന്നു ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിൽ പരാതി ലഭിച്ചത്. എന്നാൽ വിവിധ മന്ത്രാലയങ്ങളിൽ നിന്നും ലഭിച്ച മറുപടി പ്രകാരം പരാതിയിൽ കഴമ്പില്ലെന്ന് ബോധ്യപ്പെട്ടു. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നിന്നും വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ച സ്ഥിരീകരണം അനുസരിച്ചാണ് പരാതി തള്ളുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സലിം മടവൂരിന്റെ പരാതിയിൽ വസ്തുതകൾ ഇല്ല. പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടില്ല. എംബസിയിലെ വെൽഫെയർ ഓഫീസറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയതോടെ സിപിഎമ്മിന്റെ ആരോപണങ്ങൾ വീണ്ടും തകർന്നടിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് നടന്ന വ്യക്തിഹത്യക്കെതിരെ സ്മിത മേനോൻ നൽകിയ പരാതി ഇനി പാർട്ടിക്ക് തലവേദനയാകും.