കൊച്ചി: തുടർച്ചയായ മഴക്കും വെള്ളപ്പൊക്കവും മൂലം പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷം സവാള വില വീണ്ടും കുതിച്ചുയരുന്നു. ദിനംപ്രതി അഞ്ചു രൂപ വീതമാണ് വര്‍ധിക്കുന്നത്. സവാള കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയാണ് കൃഷി നശിക്കാനും വില കൂടാനും കാരണമായത്. പൂഴ്ത്തിവയ്പ് ലോബി അവസരം മുതലാക്കാൻ സജീവമാകുന്നതായി റിപ്പോർട്ടുണ്ട്.
ഈ മാസാദ്യം കിലോയ്ക്ക് 35 രൂപയ്ക്ക് വാങ്ങിയിരുന്ന സവാളയാണ് ഇന്ന് ഇരട്ടി വിലയ്ക്ക് വാങ്ങുന്നത്. പല സ്ഥലങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ വില കൂട്ടൽ ആരംഭിച്ചിട്ടുണ്ട്. ഇനിയും വില വര്‍ധിക്കുമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. ഇക്കണക്കിന് പോയാൽ വില കഴിഞ്ഞ തവണത്തെക്കാൾ ഉയരുമെന്നാണ് സൂചന. കഴിഞ്ഞവര്‍ഷ അവസാനം സവാള വില ഇരുന്നൂറിനോട് അടുത്തിരുന്നു.
മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നാണ് പ്രധാനമായും സവാളയെത്തുന്നത്. അവിടെ പെയ്ത കനത്ത മഴയില്‍ കൃഷി നശിച്ചു. പുതിയ കൃഷിയിറക്കിയാലും വിളവെടുത്ത് ഇവിടെയെത്താന്‍ അടുത്ത മാര്‍ച്ച് മാസമെങ്കിലും ആകും. നിലവില്‍ ലഭിക്കുന്ന സവാളയ്ക്ക് ഗുണനിലവാരവും കുറവാണ്.