കൊറോണ ബാധിതൻ മരിച്ച സംഭവം; വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിൽ കോറോണ ബാധിതനായ ഹാരിസ് എന്ന വ്യക്തി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ നജ്മ പറഞ്ഞു.

രോഗിയുടെ മുഖത്ത് മാസ്ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഡോക്ടർ നജ്മ പറയുന്നു. മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ പ്രശ്നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടിയെന്നും നജ്മ.

ട്യൂബിങ് ശരിയാകാഞ്ഞത് മൂലമാണ് രോഗി മരിച്ചതെന്ന് നേരത്തെ മെഡിക്കൽ കോളേജിലെ നഴ്സിങ്ങ് ഓഫീസറുടെ പേരിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. സംഭവം വിവാദമായതോടെ നഴസിങ്ങ് ഓഫിസറെ സസ്പെന്റ് ചെയ്തു.

വോയിസ് ക്ലിപ്പ് സത്യമാണ്. സമാനമായ സാഹചര്യം തന്റെ ഡ്യൂട്ടി ടൈമിലും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ വാക്കാൽ പരാതി നൽകിയിരുന്നുവെന്നും ഡോക്ടർ നജ്മ. ഇതിനുശേഷം പരാതികൾ പരിഹരിക്കപ്പെട്ടിരുന്നുവെന്നും നജ്മ പറയുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ അത് തിരുത്താതെ, പരിഹാരം കാണാതെ എല്ലാം നഴ്സിന്റെ തലയിൽ ചുമത്തി അവരെ സസ്പെന്റ് ചെയ്തപ്പോഴാണ് തനിക്ക് ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് തോന്നിയതെന്നും ഡോക്ടർ പറയുന്നു