പെരുമ്പിലാവ്: കൊറോണ മോചിതയായ പഞ്ചായത്ത് വനിത അംഗം പിപിഇ കിറ്റ് അണിഞ്ഞ് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെത്തി. ഒടുവിൽ പഞ്ചായത്ത് പ്രസിഡൻറായതോടെ കിറ്റ് അണിഞ്ഞുതന്നെ സത്യപ്രതിജ്ഞ ചെയ്തു മടങ്ങി. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പാണ് ഈ അപൂർവ്വ നിമിഷത്തിന് സാക്ഷ്യമായത്.
മൂന്നാം വാർഡ് അംഗം റംല ബീരാൻകുട്ടിയാണ് പി.പി.ഇ കിറ്റ് അണിഞ്ഞ് സത്യപ്രതിജ്ഞ ചെയ്തത്. രണ്ടാഴ്ച മുമ്പാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. റംലക്ക് ഒന്നര ആഴ്ച മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് ദിവസം മുമ്പ് പരിശോധനയിൽ കൊറോണ നെഗറ്റിവായി.
നെഗറ്റിവായി ഒരാഴ്ച കഴിഞ്ഞ ശേഷമേ പുറത്തിറങ്ങാവൂ എന്നതിനാൽ തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷയിലാണ് പി.പി.ഇ കിറ്റ് ധരിച്ച് യോഗത്തിൽ എത്തുന്നതിന് അടിയന്തര ഉത്തരവ് നൽകിയത്.പ്രസിഡൻറ് തെരഞ്ഞെടുപ്പിന് പഞ്ചായഓഫിസിൽ എത്തിയ ശേഷമാണ് യു.ഡി.എഫ് സ്ഥാനാർഥി താനാണെന്ന വിവരം റംല അറിയുന്നത്.
ഒരു വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു.പ്രസിഡൻറ് സ്ഥാനാർഥിയെ ചൊല്ലി യു.ഡി.എഫിൽ അഭിപ്രായ വ്യത്യാസം ഉയർന്നിരുന്നു. പ്രസിഡൻറ് പദവി ജനറൽ ആയതിനാലായിട്ടും വനിതയെ സ്ഥാനാർഥിയാക്കി ഒടുവിൽ പ്രശ്നം പരിഹരിക്കുകയായിരുന്നു.