തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണം; സർക്കാരിന് കനത്ത തിരിച്ചടി; അദാനി ഗ്രൂപ്പിനെതിരായ ഹർജി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരേയുള്ള സംസ്ഥാന സർക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തളളി. ജസ്റ്റിസ് വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. കേന്ദ്രത്തിന്റേത് നയപരമായ തീരുമാനമെന്നാണ് കോടതി നിരീക്ഷിച്ചത്‌. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിനു എതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. സംസ്ഥാന സർക്കാരിനെ മറികടന്നു അദാനി ഗ്രൂപ്പിന് കരാർ നൽകിയതിൽ ക്രമക്കേട് ഉണ്ടെന്നായിരുന്നു സർക്കാർ വാദം. ലേല നടപടികൾ സുതാര്യമല്ലെന്നും സർക്കാർ ആരോപിച്ചു.

എന്നാൽ കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് കേന്ദ്ര നിലപാട്. ഇതില്‍ കോടതികള്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള നടപടി സർക്കാർ ആണ് പൂർത്തിയാക്കിയത് എന്നതിനാൽ കേരളത്തിന് പരിഗണന വേണമെന്ന വാദം അംഗീകരിക്കാൻ സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി.
വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് വിശാലമായ താല്‍പ്പര്യം മുന്‍നിര്‍ത്തിയാണെന്നും, രാജ്യത്തെ നഷ്ടത്തിലായ വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടും പരാജയപ്പെട്ടു എന്നും കേന്ദ്രം വാദിച്ചു.

ലേല നടപടികൾ അദാനിക്ക് വേണ്ടി ടൈലർ മെയ്ഡ് ആണെന്ന സർക്കാർ വാദവും കോടതി തള്ളി. കേരളത്തിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതിയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാട്.

നേരത്തെ ലേലത്തിൽ പങ്കെടുക്കാൻ പ്രത്യേക ഇളവുകളോടെ കേരളത്തിന്‌ അനുമതി നൽകിയിരുന്നു. എന്നാൽ ലേലത്തിൽ പരാജയപ്പെട്ട ശേഷം ഇത്തരം ഒരു ഹർജിയുമായി കോടതിയെ സമീപിക്കാൻ കേരളത്തിന് അർഹത ഇല്ലെന്നും വിശാലമായ പൊതു താല്പര്യം മുൻ നിർത്തിയാണ് വിമാനത്താവളങ്ങൾ പാട്ടത്തിനു നൽകുന്നതെന്നും കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചു.

അതേസമയം, അദാനി ക്വോട്ട് ചെയ്ത തുകയ്ക്ക് വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം കാണിച്ച് സംസ്ഥാനം കത്ത് നല്‍കിയിട്ടും കേന്ദ്രം അവഗണിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. മുന്‍പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് വിമാനത്താവള നടത്തിപ്പ് നല്‍കിയത് വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് എന്നാണ് സർക്കാരിന്റെ വാദം. മുന്‍പരിചയമുള്ള സര്‍ക്കാരിനെ അവഗണിച്ച്, സര്‍ക്കാരിന്റെ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം സ്വകാര്യ ഗ്രൂപ്പിന് കൈമാറിയത് പൊതുതാല്‍പ്പര്യത്തിന് എതിരാണെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന് പുറമെ, വിവിധ സംഘടനകളുടേത് അടക്കം ഏഴോളം ഹര്‍ജികളാണ് കോടതിയുടെ പരിഗണനയില്‍ വന്നത്. എല്ലാ ഹര്‍ജികളും കോടതി തള്ളി.

രണ്ട് വർഷം മുൻപാണ് വിമാനത്താവള സ്വകാര്യവൽക്കരണത്തിന് നീക്കം തുടങ്ങുന്നത്. 2019 ഫെബ്രുവരിയിൽ നടത്തിയ ടെൻഡറിൽ അദാനിയാണ് മുന്നിലെത്തിയത്. സർക്കാരിന് വേണ്ടി പങ്കെടുത്ത കെഎസ്ഐഡിസി രണ്ടാമതായി. അദാനിയെ ഏ‌പിക്കുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്നടക്കം ആവശ്യമുന്നയിച്ചിരുന്നു. വിമാനത്താവളസ്വകാര്യവൽക്കരണത്തിൽ കോൺഗ്രസിനുള്ളിലും രണ്ട് അഭിപ്രായമുയർന്നിരുന്നു.