കൊച്ചി: പാചക വാതക സിലിണ്ടര്‍ ദുരുപയോഗം തടയുന്നതിനായി വിതരണത്തില്‍ പുതിയ മാറ്റം നടപ്പാക്കാനൊരുങ്ങി എണ്ണ കമ്പനികൾ. ബുക്ക് ചെയ്യുന്ന സമയത്ത് ലഭിക്കുന്ന ഒടിപി നമ്പർ കാണിച്ചാലേ ഇനി ഗ്യാസ് ലഭിക്കുകയുള്ളൂ.
നവംബര്‍ 1 മുതലാണ് ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലെ മാറ്റം നടപ്പാകുന്നത്. ഗ്യാസ് ബുക്ക് ചെയ്യുമ്ബോള്‍ തന്നെ വണ്‍ ടൈം പാസ്‍വേര്‍ഡ് അഥവാ ഒടിപി നമ്പർ ഉപഭോക്താവിന്‍റെ മൊബൈലിലേക്ക് മെസേജ് ആയി എത്തും. ഗ്യാസ് വിതരണത്തിനായി ആളുകളെത്തുമ്ബോള്‍ ഇത് കാണിക്കണം. എങ്കിലേ സിലിണ്ടര്‍ ഇറക്കൂ. ഗ്യാസ് ഏജന്‍സിയില്‍ കൊടുത്ത നമ്പർ മാറിയിട്ടുണ്ടെങ്കില്‍ അത് അടിയന്തരമായി പുതുക്കി നല്‍കണം.
പാചക വാതക സിലിണ്ടറുകള്‍ മറിച്ചുനല്‍കുന്നുവെന്ന പരാതി വ്യാപകമായിരുന്നു. ഇതിന് പരിഹാരം കാണാനാണ് ഒടിപി നമ്പർ അടിസ്ഥാനമാക്കി വിതരണം ചെയ്യാനുള്ള തീരുമാനം.
എന്നാല്‍, ഇതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നാണ് വിതരണക്കാരുടെ പരാതി. ഇന്ത്യയില്‍ 100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും.