ഇന്ത്യയുടെ സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് പരീക്ഷണം വിജയകരം

ന്യൂഡെൽഹി: സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം ഡിആര്‍ഡിഒയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അറബിക്കടലിലെ ഐ എൻ എസ് ചെന്നൈ കപ്പലിൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ വികസിപ്പിച്ചത്. അങ്ങേയറ്റം സങ്കീർണ്ണമായ പ്രവർത്തനങ്ങൾക്കൊടുവിൽ മിസൈൽ സമ്പൂർണ്ണമായ കൃത്യതയോടെ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ പ്രസ്താവനയിൽ വ്യക്തമാക്കി.

അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി വികസിപ്പിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തദ്ദേശീയമായി വികസിപ്പിച്ച ഐ.എന്‍.എസ് ചെന്നൈയില്‍ വെച്ച് മിസൈല്‍ പരീക്ഷിക്കുന്നത്. ബൂസ്റ്റര്‍ ഉപയോഗിച്ചുള്ള പരീക്ഷണത്തില്‍ 400 കിലോമീറ്ററിലധികം ദൂരമുള്ള ലക്ഷ്യം ഭേദിച്ചാണ് മിസൈല്‍ വിജയം കൈവരിച്ചത്.

ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയമാക്കിയ ഡിആർഡിഓക്കും ഇന്ത്യൻ നാവിക സേനക്കും അഭിനന്ദനം അറിയിക്കുന്നതായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും നാവിക സേനക്കും അഭിനന്ദനം അറിയിക്കുന്നതായി ഡിആർഡിഓ ചെയർമാൻ ഡോ. സതീഷ് റെഡ്ഡി വ്യക്തമാക്കി. ഇന്ത്യൻ സായുധ സേനയുടെ ശക്തി പല പ്രകാരത്തിൽ വർദ്ധിപ്പിക്കാൻ ബ്രഹ്മോസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.