കനത്ത മഴയിൽ ഹൈദരാബാദിൽ തെരുവുകൾ വെള്ളത്തിൽ; മരണസംഖ്യ 50 കഴിഞ്ഞു

ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദിലെ തെരുവുകൾ വെള്ളത്തിലായി. തെരുവുകളിലൂടെ മഴവെള്ളം കുത്തിയൊഴുകയാണ്. ഇതുവരെ 50തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വൻ നാശനഷ്ടമുണ്ടായി. ആയുസ്സിന്റെ സമ്പാദ്യങ്ങൾ ഒഴിച്ചു പോകുന്ന ഹൃദയദേകമായ കാഴ്ച കണ്ണീരണിയിക്കും. വാഹനങ്ങൾ, വളർത്തു മൃഗങ്ങൾ, എന്നിവയെല്ലാം കുത്തിയോലിക്കുന്ന വെള്ളത്തിൽ ഒഴുകി പോകുകയാണ്.

കനത്ത മഴയിൽ ബലാപൂർ തടാകം കരകവിഞ്ഞൊഴുകിയതുമൂലം ഹൈദരാബാദിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്തമഴയിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തടാകമാണ് ഇത്തരത്തിൽ കരകവിഞ്ഞ് ഒഴുകുന്നത്.

നൂറ്റാണ്ടിനിടെ പെയ്യുന്ന അതിശക്തമായ മഴയാണിതെന്നാണ് റിപ്പോർട്ട്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഖൈറതാബാദ്, ചിന്തൽ ബസ്തി, ഗാന്ധി നഗർ, മാരുതിനഗർ, ശ്രീനഗർ, ആനന്ദ് ബാഗ് തുടങ്ങിയ പ്രദേശങ്ങളിലെ കോളനികളെല്ലാം വെള്ളത്തിൽ മുങ്ങി. നഗരത്തിന്റെ പല ഭാഗങ്ങളിലും 12 മണിക്കൂറിലധികം വൈദ്യുതി ബന്ധം നിലച്ചു.

ഹൈദരാബാദിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഇപ്പോൾ ഞെട്ടിപ്പിക്കുന്നതാണ്. കുത്തിയൊലിക്കുന്ന വെള്ളത്തിലകപ്പെട്ട കാറിൽനിന്ന് യാത്രക്കാരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

തെലങ്കാനയിലുണ്ടായ വെള്ളപ്പൊക്കം അയൽസംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശിനെയും കർണാടകയെയും ബാധിച്ചു. പ്രളയബാധിതർക്ക് റേഷൻ കിറ്റുകൾ നൽകുമെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു പറഞ്ഞു.

ദുരന്തനിവാരണ സേനയും ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനും പ്രളയബാധിത പ്രദേശത്ത് സംയുക്തമായി രക്ഷാപ്രവർത്തനം നടത്തികൊണ്ടിരിക്കുകയാണ്.