കൊച്ചി: സ്വർണക്കടത്ത് കേസ് നിർണായക ഘട്ടത്തിലേക്ക്.
നയതന്ത്ര ബാഗേജിന്റെ മറവിൽ സ്വർണക്കടത്തിന് പണം സമാഹരിച്ചത് പൂളിങ്ങിലൂടെ മാത്രമല്ലെന്ന കണ്ടെത്തലാണ് എൻഐഎ. യുടെ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് എത്തിച്ചത്.
ദുബായിൽനിന്ന് സ്വർണക്കടത്തിന് ഫണ്ടിങ് ഉണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിലാണ് അന്വേഷണ ഏജൻസികൾ.
കേരളത്തിൽനിന്ന് പൂളിങ്ങിലൂടെ സ്വർണക്കടത്തിന് പണം കണ്ടെത്തിയെന്ന നിഗമനത്തിലായിരുന്നു അന്വേഷണ ഏജൻസികൾ. എന്നാൽ, പൂളിങ്ങിലൂടെ സമാഹരിച്ച പണത്തിന്റെ പതിന്മടങ്ങ് തുകയുടെ സ്വർണം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയതാണ് വിഴിത്തിരിവായത്.
തീവ്രവാദപ്രവർത്തനത്തിനുള്ള ഫണ്ട് എത്തിക്കാനുള്ള എളുപ്പമാർഗമായി സ്വർണക്കടത്തിനെ മാറ്റിയോ എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്കുള്ളത്. സ്വർണക്കടത്തിന് പണം നൽകിയവർക്ക് കണ്ണിയിലെ പലരേയും അറിയില്ല. ആരാണ് നേതൃത്വം നൽകുന്നതെന്നതിലും പലർക്കും ധാരണയുണ്ടായിരുന്നില്ല. എന്നിട്ടും പണം നിക്ഷേപിക്കാൻ തയ്യാറായി എന്ന ചോദ്യത്തിനും അന്വേഷണസംഘം ഉത്തരം തേടുന്നുണ്ട്.
അന്വേഷണത്തിന് സിബിഐ. എത്തിയതും നിർണായകമായി. എം. ശിവശങ്കറിന് സ്വപ്നയുമായുള്ള സൗഹൃദത്തിനപ്പുറം മറ്റുചിലതുംകൂടിയുണ്ടെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്. കേസിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സാമ്പത്തികകാര്യ വകുപ്പും കൂടുതൽ ശ്രദ്ധകൊടുത്തതും ഇതിന് തുടർച്ചയായാണ്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കസ്റ്റംസ് ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ എൻഐഎ.യ്ക്ക് ഇതുവരെ പൂർണമായി ലഭിച്ചിട്ടില്ല. തെളിവുകൾ കസ്റ്റംസ് സി-ഡാക്കിന് പരിശോധനയ്ക്കായി നൽകിയിരിക്കുകയാണ്. ഇത് എൻഐഎ.യുടെ അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
എൻഐഎ. പരിശോധനയ്ക്കായി നൽകുന്ന ഡിജിറ്റൽ തെളിവുകളുടെ മിറർ ഇമേജ് അപ്പോൾതന്നെ സി-ഡാക്ക് എൻ.ഐ.എ.യ്ക്ക് കൈമാറും. ഇവ സ്വന്തമായി പരിശോധിക്കാനുള്ള സംവിധാനവും എൻഐഎ.യ്ക്കുണ്ട്