എടത്വാ : കൊറോണയും ഇതര സംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്കും മൂലം പ്രതിസന്ധിയിലായി മത്സ്യ കർഷകർ. ലക്ഷങ്ങൾ ചെലവഴിച്ച് കൃഷി ഇറക്കി വിളവ് എത്തിയിട്ടും വിൽപന നടത്താൻ കഴിയാത്തതാണ് കർഷകരെ ദുരിതത്തിലാക്കി യത്. മറ്റൊരു പ്രതിസന്ധി എന്നാൽ പുഞ്ചക്കൃഷിക്കു മുൻപായി പാടശേഖരങ്ങൾ ഒഴിഞ്ഞു കൊടുക്കണം എന്നതാണ്.
പാടശേഖര സമിതികൾ നിർബന്ധം പിടിക്കുക കൂടി ചെയ്തതോടെ ആകെ ദുരിതത്തിൽ ആയിരിക്കുകയാണ് മത്സ്യ കർഷകർ. കോടിക്കണക്കിനു രൂപയുടെ മത്സ്യമാണ് ഓരോ വളർത്തു കേന്ദ്രത്തിലും കിടക്കുന്നത്. പിടിച്ചെടുത്തു കൊടുക്കാൻ കഴിയാത്തതിനാൽ ഓരോ ദിവസവും തീറ്റ നൽകുന്നതിനായി അധിക തുക ചെലവഴിക്കേണ്ട അവസ്ഥയിലുമാണ്.
മാത്രവുമല്ല ഉപയോഗം കുറഞ്ഞതോടെ വിലത്തകർച്ച നേരിടുന്നതായും കർഷകർ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ ആയിരുന്നു വളർത്തു മീനുകളുടെ ഗുണഭോക്താക്കളിലേറെ. അവർ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിലായിരുന്നു വിൽപന കൂടുതൽ. അങ്കമാലി, ചാലക്കുടി, തൃശൂർ, ചമ്പക്കര, ഏറ്റുമാനൂർ, തിരുവല്ല, പന്തളം എന്നിവിടങ്ങളിലേക്ക് ആയിരുന്നു മീനുകൾ കൂടുതലും എത്തിച്ചിരുന്നത്.
കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് അവർ മടങ്ങിപ്പോയതോടെ ഉപയോഗം വൻതോതിൽ നിലച്ചു. ഹോട്ടൽ, ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളിലും മീനിന്റെ ഉപയോഗം കുറഞ്ഞു. മുൻ കാലങ്ങളിൽ വളർച്ച എത്തും മുൻപ് തന്നെ ഏജന്റുമാർ എത്തി മൊത്തക്കച്ചവടം നടത്തിപ്പോകുകയും വളർച്ച എത്തുന്ന മുറയ്ക്ക് അവർ എത്തി പിടിച്ചെടുക്കുകയും ആയിരുന്നു.
കിലോയ്ക്ക് 60 മുതൽ 75 രൂപയ്ക്കു വരെ ആയിരുന്നു വില. ഇന്ന് 40 രൂപയ്ക്കു പോലും എടുക്കുന്നില്ല. ഏജന്റുമാർ കച്ചവടം ഏർപ്പാടാക്കിയ ശേഷം മീൻ പിടിക്കുന്നതിൽ പ്രത്യേക പരിശീലനം ലഭിച്ച തൊഴിലാളികളെക്കൊണ്ട് പിടിച്ചിരുന്നു. 40 കിലോ വീതം കൊള്ളുന്ന പെട്ടികളിലാക്കി ഫ്രീസ് ചെയ്താണ് വിൽപന കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. വിൽപന ഇല്ലാതായതോടെ ഇതുമായി ബന്ധപ്പെട്ട പല തൊഴിലും നിലച്ചിരിക്കുകയാണ്.
വളർച്ച കൂടുന്തോറും വിൽപന കുറയുമെന്നാണ് കർഷകർ പറയുന്നത്. ഒന്നു മുതൽ 2 കിലോ വരെ ഭാരം വരുന്ന മത്സ്യങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കൂടുതൽ തൂക്കം വന്നാൽ വിൽപന കുറയുമെന്ന് കർഷകനായ കൊച്ചുമോൻ മീനത്തേൽ പറഞ്ഞു. കട്‌ല, രോഹു, ഫംഗേഷ്യസ് (വളർത്തു വാള) എന്നിവയാണ് ആവശ്യക്കാർ ഇല്ലാതെ കിടക്കുന്നത്.