ടോക്യോ: കൊറോണ വൈറസുകൾക്ക് മനുഷ്യരുടെ ചർമ്മത്തിൽ മണിക്കൂറുകളോളം നശിക്കാതെ തുടരാൻ ആകുമെന്നു പുതിയ പഠനം. ജപ്പാനിലെ ഒരു കൂട്ടം ഗവേഷകരാണ് കൊറോണ വൈറസിന് ദീർഘ നേരം മനുഷ്യരുടെ ചർമ്മത്തിൽ തങ്ങാനാകുമെന്നുള്ള കണ്ടെത്തലുമായി മുന്നോട്ട് വന്നിരിക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനായി കൈകൾ ഇടയ്ക്കിടെ കഴുകുന്നതിന്റെ പ്രധാന്യം വ്യക്തമാക്കുകയാണ് പഠനം ചെയ്യുന്നത്.
ഇൻഫ്‌ളുവൻസ എ വൈറസുമായി താരതമ്യം ചെയ്യുമ്പോൾ സമ്പർക്കത്തിലൂടെ വ്യാപിക്കാൻ സാർസ് കോവ് 2 ( കൊറോണ വൈറസ്) ന് കഴിയും. ഇതിന് കാരണം ദീർഘ നേരം വൈറസിന് മനുഷ്യരുടെ ചർമ്മത്തിൽ നശിക്കാതെ തുടരാനാകും എന്നതാണെന്ന് പഠനം വ്യക്തമാക്കുന്നു. ഏകദേശം 9 മണിക്കൂറോളം വൈറസിന് ചർമത്തിൽ നിലനിൽക്കാനാകുമെന്നും പഠനം പറയുന്നു.
കൊറോണ വൈറസിന്റെ സമ്പർക്ക വ്യാപനം തടയാൻ കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്നും സാനിറ്റൈസറുകളിലും സോപ്പുകളിലുമുള്ള എഥനോളിന് 15 സെക്കന്റിൽ വൈറസിനെ നശിപ്പിക്കാൻ സാധിക്കുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തിൽ നിന്നും ശേഖരിച്ച സാമ്പിളുകളിലാണ് ഗവേഷകർ പഠനം നടത്തിയത്. മരിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു പഠനത്തിനായി ചർമ്മത്തിന്റെ സാമ്പിളുകൾ ശേഖരിച്ചത്.
നേരത്തെ കൊറോണ വൈറസിന് മനുഷ്യരുടെ ചർമ്മത്തിൽ ഏകദേശം 1.8 മണിക്കൂറോളം നിലനിൽക്കാനാകുമെന്ന് ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒൻപത് മണിക്കൂറോളം വൈറസിന് മനുഷ്യരുടെ ചർമ്മത്തിൽ നശിക്കാതെ തുടരാനാകുമെന്ന പഠനം പുറത്തുവരുന്നത്. പഠനത്തിന് ലോകാരോഗ്യ സംഘടനയും പിന്തുണയ്ച്ചിട്ടുണ്ട്.