ചെറുവള്ളി എസ്റ്റേറ്റ് ; സുപ്രീം കോടതിയിൽ ബിലീവേഴ്സ് ചർച്ച് തടസ്സ ഹർജി നല്കി

ന്യൂഡെൽഹി: ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെയും അനുബന്ധ ട്രസ്റ്റുകളുടെയും ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുന്ന നടപടി ഹൈക്കോടതി റദ്ദാക്കുകയും സർക്കാർ അപ്പീൽ പോകാനൊരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയിൽ അഡ്വ.വി.കെ ബിജു മുഖേന ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം തടസ്സ ഹർജി നല്കി. ഉടമസ്ഥാവകാശവും ആയി ബന്ധപ്പെട്ട് പാലാ കോടതിയിലുള്ള സിവിൽ കേസിലും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം കക്ഷി ചേർന്നിട്ടുണ്ട്.

ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിൽ സഭാ വിശ്വാസികളുടെ ഭാഗം കൂടി കേൾക്കണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് ഫോറം പ്രസിഡൻ്റ് അഡ്വ.സ്റ്റീഫൻ ഐസക്ക് തടസ്സഹർജി ബോധിപ്പിച്ചിട്ടുള്ളത്.

ആറന്മുള വിമാനത്താവള കേസിലും ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരെയുള്ള കേസിലും വിവിധ കക്ഷികൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകനാണ് അഡ്വ വി കെ ബിജു.

ഫോറത്തിനു വേണ്ടി പ്രസിഡൻ്റ് അഡ്വ.സ്റ്റീഫൻ ഐസക്ക് വിശ്വാസികൾക്കു വേണ്ടി ഡോ. ജോൺസൺ വി.ഇടിക്കുള എന്നിവരാണ് പാലാകോടതിയിൽ പ്രത്യേകം ഹർജി സമർപ്പിച്ചിട്ടുള്ളത്. സഭയുടെ സ്വത്ത് എന്ന് അംഗീകരിച്ചുകൊണ്ടുള്ള ക്രയവിക്രയങ്ങൾക്ക് മാത്രമേ നിയമ സാധുത നൽകാവൂ എന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം ആവശ്യപെട്ടു.