പുതുപ്പള്ളിയിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ കുട്ടിയും മരിച്ചു

കോട്ടയം: പുതുപ്പള്ളിയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്ത് വയസുകാരൻ മരിച്ചു. അപകടത്തിൽ കഴിഞ്ഞ ദിവസം മരിച്ച കോട്ടയം ചിങ്ങവനം മൈലുംമൂട്ടിൽ ജലജയുടെ മകൻ അമിത് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെ മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.
കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ ജലജയുടെ പിതാവ് മുരളിയും (70), കെ.കെ ജിൻസും (33) നേരത്തെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ഒരു കുട്ടി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

വെള്ളിയാഴ്ച വൈകീട്ട് കോട്ടയം വടക്കേക്കര എൽ.പി സ്കൂളിന് സമീപം കൊച്ചാലുംമൂട് വെച്ചാണ് അപകടമുണ്ടായത്. ചങ്ങനാശ്ശേരിയിൽ നിന്ന് ഏറ്റുമാനൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു.

കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലായിരുന്നു. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാർക്കും നിസാര പരിക്കുകളുണ്ടായിരുന്നു.