തിരുവനന്തപുരം: സ്വർക്കടത്തു കേസിൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലുള്ള മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. ആന്‍ജിയോഗ്രാം പരിശോധനയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. എന്നാല്‍ അടുത്ത 24 മണിക്കൂര്‍ കൂടി നിരീക്ഷണത്തില്‍ കഴിയും. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ന് ആശുപത്രിയിലെത്തി വിവരം തേടും. ഇതിന് ശേഷമാകും നടപടികളിലേക്ക് നീങ്ങുക.
വെള്ളിയാഴ്ച ശിവശങ്കറിനെത്തേടി കസ്റ്റംസ് അപ്രതീക്ഷിതമായാണ് എത്തിയത്. നേരത്തേ നോട്ടീസ് നൽകി വിളിപ്പിക്കുന്നതിനു പകരം ഉടൻ കൂടെച്ചെല്ലാൻ ആവശ്യപ്പെടുകയായിരുന്നു. കസ്റ്റംസിന്റെ ഔദ്യോഗിക കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതിനിടയിലാണ് ഇയാൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. കോടതിയെ സമീപിക്കാനുള്ള സാവകാശം നൽകാത്തവിധത്തിലായിരുന്നു കസ്റ്റംസിന്റെ നീക്കം. വൈകീട്ട് കോടതിസമയം കഴിഞ്ഞശേഷമാണ് കസ്റ്റംസ് എത്തിയത്.
പുതിയ കേസ് രജിസ്റ്റർ ചെയ്തുവെന്ന വിവരം ശിവശങ്കറിനെ പരിഭ്രാന്തനാക്കിയെന്നാണ് സൂചന. അപ്രതീക്ഷിതനീക്കത്തിൽ അദ്ദേഹം അറസ്റ്റ് ഭയക്കുകയും ചെയ്തു.
കസ്റ്റംസിന് പുറമെ എന്‍ഐഎയും എന്‍ഫോഴ്സംസ്മെന്റ് ഡയറക്ടറേറ്റുമായി പലതവണ ശിവശങ്കറിനെ ചോദ്യം ചെയ്തിട്ടുണ്ടങ്കിലും ആദ്യമായാണ് അദേഹത്തെ അന്വേഷണ ഏജന്‍സിയുടെ വാഹനത്തില്‍ കൊണ്ടുപോകുന്നത്. അതുകൊണ്ട് തന്നെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിലയിരുത്തുന്നത്. ഇനി ആരോഗ്യസ്ഥിതി വിലയിരുത്തിയാവും തുടര്‍നടപടി.
കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശിവശങ്കറിന് ഉയർന്ന രക്തസമ്മർദ്ദവും ഇസിജിയിൽ നേരിയ വ്യതിയാനവും ഉണ്ടായിരുന്നതായി വെള്ളിയാഴ്ച രാത്രി ആശുപത്രി പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു. പ്രാഥമിക പരിശോധനയിൽ ശാരീരിക വിഷമത കണ്ടെത്തിയ സാഹചര്യത്തിലാണ് തീവ്രപരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.