ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡെൽഹി: ഇന്ത്യയില്‍ കൊറോണ വാക്‌സിന്‍ മാര്‍ച്ചില്‍ ലഭ്യമാക്കാനാകുമെന്നു പ്രതീ നൽകി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. രാജ്യത്ത് കൊറോണ മരുന്ന് പരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വാക്‌സിന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരീക്ഷണങ്ങള്‍ തീവ്രമായി പുരോഗമിക്കുകയാണ്.

വാക്‌സിന്‍ ഉപയോഗിക്കുന്നതിനുള്ള അനുമതിയുള്‍പ്പെടെ വേഗത്തില്‍ ലഭ്യമാവുന്ന സാഹചര്യം ഉണ്ടായാല്‍ 2021 മാര്‍ച്ചോടെ ഇന്ത്യക്ക് കൊറോണ വാക്‌സിന്‍ ലഭിച്ചേക്കാമെന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവ് വ്യക്തമാക്കി.
നിരവധി വാക്‌സിനുകളാണ് പരീക്ഷണത്തിലിരിക്കുന്നത്. ഇതില്‍ രണ്ടെണ്ണം മൂന്നാം ഘട്ട ട്രയലിലാണെന്നും സുരേഷ് ജാദവ് പറഞ്ഞു.

രണ്ടെണ്ണം മൂന്നാം ഘട്ട ഹ്യൂമന്‍ ട്രയലിലും ഒരെണ്ണം രണ്ടാംഘട്ട ട്രയലിലുമാണ്. നിരവധി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ പരീക്ഷണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോകത്താകെ 40 കമ്പനികളാണ് വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മാര്‍ച്ചിനു മുമ്പ് ഏഴു കോടി ഡോസ് തയ്യാറാക്കാനാണ് പദ്ധതിയെന്നും സുരേഷ് ജാദവ് അറിയിച്ചു.

നിലവിലെ രീതിയില്‍ മുന്നോട്ട് പോയാല്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്, 2020 ഡിസംബറോടെ 60-70 ദശലക്ഷം ഡോസ് വാക്സിനുകള്‍ തയ്യാറാക്കും. ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ മാത്രമെ അത് വിപണിയിലേക്കെത്തൂ. പിന്നീട് കേന്ദ്രസർക്കാരിൻ്റെ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലോകത്ത് 2021 രണ്ടാം പാദത്തില്‍ കൊറോണ വാക്‌സിന്‍ ലഭ്യമാകുമെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. 2021 ജനുവരിയില്‍ പുതിയ വാക്‌സിന്റെ അന്തിമ പരീക്ഷണ ഫലങ്ങള്‍ ലഭ്യമാകും. 2021 ൻ്റെ രണ്ടാംപാദത്തില്‍ കൊറോണക്കെതിരായ രണ്ടാം വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനാകുമെന്നുമാണ് ഡോ. സൗമ്യ വെളിപ്പെടുത്തിയത്.