മുംബൈ: ബോളിവുഡ് നടി കങ്കണ റണൗത്തിനും സഹോദരി രംഗോലിക്കുമെതിരെ കേസെടുക്കാന്‍ ബാന്ദ്ര മജിസ്ട്രേറ്റ് മെട്രോപോളിറ്റന്‍ കോടതിയുടെ നിര്‍ദേശം. ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കാസ്റ്റിംഗ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുന്നാവറലി സയിദിന്റെ പരാതിയിലാണ് കോടതി നിര്‍ദേശം.
സമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും വർഗീയ വിദ്വേഷം പടർത്താനും കങ്കണ ശ്രമിച്ചുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. മുംബൈയെ പാക് അധീന കാഷ്മീരുമായി ഉപമിച്ച് കങ്കണ ട്വീറ്റ് ചെയ്തിരുന്നു.
പരാതി പ്രഥമദൃഷ്ട്യാൽ പരിശോധിച്ചതിൽനിന്ന്, ആരോപണ വിധേയ കുറ്റം ചെയ്തതായി ബോധ്യപ്പെട്ടുവെന്ന് മെട്രോപോളിറ്റൻ മജിസ്ട്രേട്ട് ജയ്ദിയോ ഖുലേ പറഞ്ഞു. ആരോപണങ്ങൾ ട്വിറ്റർ, അഭിമുഖങ്ങൾ എന്നിങ്ങനെ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.ആരോപണ വിധേയ ട്വിറ്റർ പോലുള്ള സാമൂഹികമാധ്യമങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. വിദഗ്ധർ വിഷയത്തിൽ നിശദമായ അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
നടന് സുശാന്ത് സിംഗിന്റെ മരണത്തിന് ശേഷം കങ്കണയും ശിവസേന സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം കങ്കണയുടെ മുംബൈയിലെ ഓഫീസ് കോര്പ്പറേഷന് പൊളിച്ചു നീക്കിയിരുന്നു.