പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല ധര്‍മശാസ്താ ക്ഷേത്രം ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
നിയന്ത്രിതമായി ഭക്തരെ കടത്തിവിട്ടുകൊണ്ടായിരിക്കും മാസപൂജ. കഴിഞ്ഞ മാർച്ചിനുശേഷം ഇതാദ്യമായാണ് ഭക്തർക്കു ശബരിമല സന്നിധാനത്തേക്കു പ്രവേശനം അനുവദിച്ചിരിക്കുന്നത്.
വെർച്ച്വൽക്യൂവഴി ബുക്കുചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നടയടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് ദർശനം നടത്താം.
മലകയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും ഭക്തർ കരുതണം. 10-നും 60-നും ഇടയ്ക്ക് പ്രായമുള്ളവർക്കു മാത്രമാണ് പ്രവേശനം. വെർച്വൽ ക്യൂവിലൂടെ ബുക്കിങ് നടത്തിയപ്പോൾ അനുവദിച്ച സമയത്തുതന്നെ ഭക്തർ എത്തണം.
ശനിയാഴ്ച മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പു നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡിനു ലഭിച്ച അപേക്ഷകളിൽ ഇന്റർവ്യൂ നടത്തി യോഗ്യരായവരുടെ പട്ടികയിൽ നിന്നാണ് നറുക്കെടുപ്പ്.
നവംബര്‍ 15ന് ആരംഭിക്കുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനം മുതല്‍ ഒരു വര്‍ഷമാണ് പുതിയ മേല്‍ശാന്തിമാരുടെ കാലാവധി. പുറപ്പെടാ ശാന്തിമാരായ ഇരുവരും വൃശ്ചികത്തലേന്ന് ശബരിമലയിലെത്തി ചുമതലകളേറ്റെടുക്കും.