വ്യോമസേനയ്ക്ക് ശക്തി പകരാൻ വീണ്ടും റഫേൽ വിമാനങ്ങൾ ; രണ്ടാം ബാച്ച് അടുത്തമാസം എത്തും

ന്യൂഡെല്‍ഹി : റഫേല്‍ വിമാനങ്ങളുടെ രണ്ടാമത്തെ ബാച്ച്‌ ഇന്ത്യയില്‍ അടുത്തമാസം എത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.‍ റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ചിനെ സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ വ്യോമസേനയും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ റഫേലിന്റെ രണ്ടാം ബാച്ച്‌ രാജ്യത്ത് എത്തിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രതിനിധികള്‍ ഫ്രാന്‍സിലേക്ക് പോയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അടുത്തമാസം കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. നാല് റഫേല്‍ വിമാനങ്ങളാണ് രണ്ടാമത്തെ ബാച്ചില്‍ ഇന്ത്യയില്‍ എത്തുക.

കഴിഞ്ഞ ജൂലൈ 29 നാണ് ആദ്യ റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയത്. അഞ്ച് വിമാനങ്ങളാണ് ആദ്യ ബാച്ചില്‍ ഉണ്ടായിരുന്നത്. ഇവ സെപ്റ്റംബര്‍ 10 ന് വിമാനങ്ങള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഔദ്യോഗികമായി വ്യോമസേനയ്ക്ക് കൈമാറി. ആകെ 36 വിമാനങ്ങള്‍ക്കുള്ള 59,000 കോടി രൂപയുടെ കരാറിലാണ് ഇന്ത്യ ദസാള്‍ട്ട് ഏവിയേഷനുമായി ഏര്‍പ്പെട്ടിട്ടുള്ളത്.