റംസിയുടെ ആത്മഹത്യ; നടി ലക്ഷ്മി പ്രമോദിൻ്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ അപ്പീൽ നൽകി

കൊച്ചി: കൊല്ലത്തെ റംസിയുടെ ആത്മഹത്യാ കേസിൽ സീരിയൽ താരം ലക്ഷ്മി പ്രമോദിൻ്റെയും ഭർത്താവ് അസ്ഹറുദീൻ്റെയും മുൻ‌കൂർ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വസ്തുതകൾ പരിശോധിക്കാതെയാണ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചത് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ലക്ഷ്മി പ്രമോദിനെയും ഭർത്താവിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം അപ്പീലിൽ പറയുന്നു. പെൺകുട്ടിയെ ഗർഭച്ഛിദ്രം ഉൾപ്പടെ നടത്തുന്നതിൽ ലക്ഷ്മി പ്രമോദ് ഗൂഡാലോചന നടത്തിയെന്ന് റംസിയുടെ വീട്ടുകാരും നേരത്തെ പരാതി പെട്ടിരുന്നു.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് കൊട്ടിയം സ്വദേശിനി റംസി ആത്മഹത്യ ചെയ്തത്. വഞ്ചനാകുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി ഉടൻ സീരിയൽ താരത്തെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ജസ്റ്റിസ് ഫോർ റംസി എന്ന ആക്ഷൻ കൗൺസിലിൻ്റെ ആവശ്യം.