ഓഹരി സൂചികകൾ കൂപ്പുകുത്തി; നിഫ്റ്റി താഴേയ്ക്ക്

മുംബൈ: കനത്ത വില്പന സമ്മർദത്തെ തുടർന്ന് ഓഹരി സൂചികകൾ കൂപ്പുകുത്തി. സെൻസെക്സ് 1,038 പോയന്റ് താഴെപ്പോയി. നിഫ്റ്റി 11,700 നിലവാരത്തിലെത്തുകയും ചെയ്തു.

ബാങ്ക്, ഐടി ഓഹരികളിൽ വ്യാപകമായി ലാഭമെടുപ്പുണ്ടായതാണ് സൂചികകളിൽ സമ്മർദത്തിലാകാൻ കാരണം. തുടർച്ചയായ 10 ദിവസംകൊണ്ടുണ്ടായ നേട്ടം ഇതോടെ സൂചികൾക്ക് നഷ്ടമായി. സെൻസെക്സ് 39,873 പോയന്റിലും നിഫ്റ്റി 11,726 പോയന്റിലുമെത്തി.

റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ വൻകിട ഓഹരികളിലാണ് വ്യാപകമായി വില്പന സമ്മർദമുണ്ടായത്. ആഗോള സൂചികകളിലെ നഷ്ടവും കോവിഡ് വ്യാപനവും അപര്യാപ്തമായ ഉത്തേജനപാക്കേജുകളുമാണ് വിപണിയിലെ നേട്ടം നിലനിർത്താൻ കഴിയാതിരുന്നതിനുപിന്നിൽ.

നിഫ്റ്റി 50 സൂചികയിൽ എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ 2.60ശതമാനംമുതൽ 3.75ശതമാനംവരെ തകർച്ചനേരിട്ടു. അതേസമയം ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളിൽ 2.50ശതമാനംവരെ നേട്ടമുണ്ടായി.

റിലയൻസ്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ ഓഹരികളിലെ കനത്ത നഷ്ടമാണ് സെൻസെക്സിലെ 400 പോയന്റോളം താഴാനിടയാക്കയിത്.

ഏറ്റവും ഉയർന്ന നിലവാരമായ 1,185 രൂപയിലേയ്ക്ക് ഉയർന്ന ശേഷമാണ് ഇൻഫോസിസ് വില്പന സമ്മർദനം നേരിട്ടത്. ഓഹരി വില മൂന്നുശതമാനത്തോളം താഴ്ന്ന് 1,095 രൂപയിലെത്തി.