ഹാഥ്രസ്; സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് യു പി സര്‍ക്കാര്‍

ന്യൂഡല്‍ഹി
ഹാഥ്രസ് കേസിലെ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി മേല്‍നോട്ടം വഹിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് രണ്ടാഴ്ച കൂടുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ സിബിഐക്ക് നിര്‍ദേശം നല്‍കണമെന്നും യുപി സര്‍ക്കാര്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. വിചിത്രമായ ആവശ്യമാണ് ഇതെന്ന് നിയമവൃത്തങ്ങള്‍ പ്രതികരിച്ചു.

പെണ്കുട്ടിയുടെ കുടുംബത്തിനും സാക്ഷികള്‍ക്കും മതിയായ സുരക്ഷ ഉറപ്പാക്കിയെന്നും കുടുംബത്തിന് വേണ്ടപ്പെട്ടവരെ കാണാന്‍ വിലക്കില്ലെന്നും അവകാശപ്പെട്ട് യുപി ആഭ്യന്തരവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി.

പെൺകുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, സഹോദരന്മാര്‍, സഹോദരന്റെ ഭാര്യ എന്നിവര്‍ക്ക് രണ്ട് പൊലീസുകാര്‍വീതം കാവലുണ്ട്.സ്വകാര്യതയിലേക്ക് കടന്നുകയറരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അറിയിച്ചു.

ഹാഥ്രസില്‍ നിഷ്ഠുരമായ കൂട്ട ബലാത്സംഗക്കൊല വധശ്രമമായി ചുരുക്കാനുള്ള നീക്കമാണെന്നും നീതി ലഭിക്കണമെങ്കില്‍ സുപ്രീംകോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും ഹര്‍ജിക്കാരനായ സമൂഹ്യപ്രവര്‍ത്തകന്‍ സത്യമാദുബേ ആവശ്യപ്പെട്ടു.