കാർഷിക നിയമം; കേന്ദ്രം വിളിച്ചുചേർത്ത യോഗം കർഷകർ ബഹിഷ്കരിച്ചു; നിയമത്തിന്റെ പകർപ്പുകൾ വലിച്ചു കീറി

ന്യൂഡെൽഹി: പുതിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷക പ്രക്ഷോഭം ശക്തിപ്പെ ടുന്നതിനിടെ കർഷക പ്രതിനിധികളുമായി ചർച്ച നടത്താൻ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത യോഗം കലഹത്തിൽ അവസാനിച്ചു. കേന്ദ്രകൃഷിവകുപ്പ് മന്ത്രി പങ്കെടുക്കാത്തതിനെ തുടർന്നാണ് കർഷകർ അതൃപ്തി പ്രകടിപ്പിച്ച് മുദ്രാവാക്യങ്ങളുയർത്തി പ്രതിഷേധിച്ചത്. കർഷകർ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

30 കർഷകസംഘടനകളുടെ പ്രതിനിധികളെയാണ് കേന്ദ്രസർക്കാർ ചർച്ചയ്ക്ക് വിളിച്ചത്. കൃഷിവകുപ്പ് മന്ത്രിക്ക് പകരം ചർച്ചയിൽ പങ്കെടുത്തത് കൃഷി വകുപ്പ് സെക്രട്ടറിയായിരുന്നു. എന്നാൽ കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ തന്നെ യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യമുയർത്തി കർഷകർ പ്രതിഷേധം ആരംഭിച്ചു. മുദ്രാവാക്യം വിളികളോടെ കാർഷിക നിയമത്തിന്റെ പകർപ്പുകൾ കീറി എറിഞ്ഞു.

നിയമത്തിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിനിധികൾ വ്യക്തമാക്കി. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ രാജ്യത്തെ കർഷകർ ദിവസങ്ങളായി പ്രതിഷേധിക്കുകയാണ്.